iritty

ഇരിട്ടി: ഇരിട്ടി നഗരസഭയിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ എൽ.ഡി.എഫിന് ലോട്ടറിയടിച്ചത് പോലെയാണ് പ്രഥമ ഇരിട്ടി നഗരസഭയുടെ ഭരണം ലഭിച്ചത്. 33 അംഗ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു യു.ഡി.എഫ്. എന്നാൽ മുസ്ലീം ലീഗ് നേതാവ് എം.പി അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിലുള്ള മൂന്ന് ലീഗ് കൗൺസിലർമാർ ചെയർമാൻ തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു.

നഗരസഭയുടെ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. ഇതിന് പിന്നാലെ രണ്ട് കൗൺസിലർമാർ മാപ്പ് അപേക്ഷിച്ചതിനെ തുടർന്ന് ലീഗിൽ തിരിച്ചെത്തി. എന്നാൽ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച അബ്ദുൾ റഹ്മാനെ പാർട്ടി പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. 2023 വരെ അയോഗ്യതയുള്ളതിനാൽ അബദുൾ റഹ്മാന് ഇത്തവണ മത്സരിക്കാൻ കഴിയില്ല. ചെയർമാൻ തിരഞ്ഞെടുപ്പിൽ മുന്നണിയെ വഞ്ചിച്ച കൗൺസിലർ ടി.കെ ഷെരിഫയെ ഇത്തവണയും ലീഗ് മത്സരിപ്പിക്കുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് റിബൽ രംഗത്ത് വന്നെങ്കിലും അവസാന നിമിഷം കോൺഗ്രസ് നേതൃത്വം ഇടപ്പെട്ട് പത്രിക പിൻവലിപ്പിച്ചു.

ലീഗ് കൗൺസിലർമാരുടെ ചതി കോൺഗ്രസ് പ്രവർത്തകരുടെ മനസിൽ ഇപ്പോഴും ഉയരുന്നുണ്ട്. ഭരണം നിലനിർത്താൻ എൽ.ഡി.ഫും ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും ശക്തി കൂടുതൽ തെളിക്കാൻ എൻ.ഡി.എയും ശക്തമായ മത്സരമാണ് നടത്തുന്നത്. രണ്ടും മൂന്നും വട്ടം വീടുകളിലെത്തി വോട്ടർമാരെ നേരിട്ടു കണ്ട് വോട്ടഭ്യർത്ഥന നടത്തി കഴിഞ്ഞു. ഭരണ നേട്ടങ്ങൾ എണ്ണിപറഞ്ഞ് പ്രചരണ രംഗം എൽ.ഡി എഫ് സജീവമാകുമ്പോൾ നഗരസഭയ പിന്നോട്ട് നയിക്കുകയായിരുന്നു എൽ.ഡി.എഫ് ഭരണമെന്ന് യു.ഡി.എഫ് പറയുന്നു. നഗരസഭയിൽ ശക്തമായ പ്രതിപക്ഷമായി നിലകൊണ്ടത് തങ്ങളായിരുന്നു എന്നാന്ന് എൻ.ഡി.എ വാദം. 33 വാർഡുകളിലും ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ 12 വാർഡുകളിൽ മത്സരിച്ച് ശക്തി തെളിക്കാനുള്ള ശ്രമത്തിലാണ് എസ്.ഡി.പി.ഐ. കഴിഞ്ഞ തവണ പല വാർഡുകളിലും വെൽഫെയർ പാർട്ടി മത്സരിച്ചിരുന്നുവെങ്കിലും ഇത്തവണ അവർ യു.ഡി എഫിന് പിന്തുണ നൽകി. യു.ഡി.എഫിൽ നിന്ന് ഒരു സീറ്റ് വാങ്ങി അവർ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ വെൽഫെയർ പാർട്ടിക്ക് ലഭിച്ച വോട്ടുകൾ തങ്ങൾക്ക് ലഭിക്കുന്നതോടെ കൂടുതൽ സീറ്റുകളിൽ വിജയപ്രതീക്ഷയിലാണ് യു.ഡി.എഫ്. മുന്നണികൾക്ക് ഇരിട്ടി നഗരസഭ വാർഡുകളിൽ വിമതശല്ല്യമില്ല. കഴിഞ്ഞ തവണ നഗരസഭയിയിൽ 33 വാർഡുകളിൽ യു.ഡി.എഫ്- 15, എൽ.ഡി.എഫ്- 13, ബി.ജെ.പി -5 എന്നിങ്ങനെയായിരുന്നു കക്ഷി നില.