കിളിമാനൂർ: കൊവിഡ് കാലത്ത് എത്തുന്ന തൃക്കാർത്തിക മഹോത്സവം മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർക്ക് കാർഷിക സമൃദ്ധിയുടെ ആഘോഷ നിറവ് പകരും. കാർത്തിക ആഘോഷത്തിനുള്ള കിഴങ്ങുവർഗങ്ങളും വിഭവങ്ങളുമായി ഒരാഴ്ച മുൻപ് തന്നെ പാതയോരങ്ങളിൽ ഗ്രാമീണ മേഖലയിലെ കർഷകർ വില്പനയ്ക്കെത്തി.
കൊവിഡിന്റെയും തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് ഇക്കുറി കാർത്തിക ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വിളകൾക്ക് ഇത്തവണ ന്യായമായ വിലയുണ്ടെന്നത് കർഷകർക്ക് ആശ്വാസമേകുന്നു.
ഒരു കാർഷിക വർഷത്തിന്റെ വിളവെടുപ്പും സമൃദ്ധിയുമാണ് വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ നടക്കുന്ന ആഘോഷം. വിളകളുടെ പൊലിപ്പത്തിനും വയലിന്റെ വളക്കൂറിനും, പ്രാണികളുടെ ശല്യത്തിൽ നിന്നു പാടത്തെ രക്ഷിക്കുന്നതിനുമായിട്ടാണ് പഴമക്കാർ വിളവുത്സവമായി കാർത്തിക ആഘോഷിച്ചു വന്നിരുന്നത്. പ്രധാനമായും കിഴങ്ങു വർഗങ്ങളും കരിക്കുകളും കൊണ്ടാണ് കാർത്തിക വിഭവങ്ങളൊരുക്കുന്നത്.
സന്ധ്യയാകുന്നതോടെ പാടത്തും പറമ്പിലും പ്രത്യേകം കെട്ടിയൊരുക്കിയ കുരുത്തോല വിളക്കുകളിൽ ദീപം തെളിച്ച് നിറപൊലിക്കായി കർഷകർ പ്രാർത്ഥിക്കുന്നു. കാലം മാറി പാടങ്ങളെല്ലാം വീടുകളായി മാറിയതോടെ കാർത്തിക ഉത്സവം വീടുമുറ്റത്തും വീടിന് മുകളിലുമായി ചുരുങ്ങി. എന്നാലും പഴമയുടെ ഈടുകൾ ബാക്കി വച്ച് ഗ്രാമങ്ങളിൽ ഇന്നും കാർത്തിക ആഘോഷിക്കുന്നു.