dronar

രമൺജി ശ്രീവാസ്തവാജി മഹാസാധു. പിണറായി സഖാവിന്റെ 'ചങ്ക്' ആണ്. സഖാവിന്റേതെന്ന് പറയപ്പെടുന്ന ഇരട്ടച്ചങ്കിൽ ഒരു ചങ്ക് രമൺജി ശ്രീവാസ്തവാജിയുടേതാണെന്ന് ഭൂതക്കണ്ണാടിയോ മറ്റോ വച്ച് സൂക്ഷിച്ച് നോക്കിയാൽ തിരിച്ചറിയാനായേക്കും എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ വെറും ഉപരിപ്ലവമായി മാത്രം നോക്കുന്നവർക്ക് അത് പിണറായി സഖാവിന്റേത് മാത്രമായ രണ്ടാമത്തെ ചങ്കായിട്ടേ തോന്നൂ. അതുകൊണ്ട് പലരും ഇരട്ടച്ചങ്കൻ എന്ന് സ്നേഹാദരങ്ങളോടെ വിളിച്ചുപോരുന്നു.

ഇരട്ടച്ചങ്കുള്ള പിണറായി സഖാവ് എന്ന വിളിപ്പേരിൽ ഒരു സുഖമുള്ളത് കൊണ്ടുതന്നെ പിണറായി സഖാവ് അത് ആസ്വദിക്കുകയാണ് ചെയ്യുന്നത്. ഇരട്ടച്ചങ്കാവുമ്പോൾ ഗ്രൗണ്ട് ക്ലിയറൻസ് നല്ലത് പോലെ കിട്ടും. മറ്റുള്ളവർ കാണാത്തത് പോലും കാണാൻ സാധിക്കും. രമൺജി ശ്രീവാസ്തവാജിയുടെ ചങ്കാണെങ്കിലും അത് പിണറായി സഖാവിനോട് ചേർന്ന് നിൽക്കുന്ന ഇരട്ടച്ചങ്കായതിനാൽ ഈ ആനുകൂല്യങ്ങളെല്ലാം സഖാവിന് കൈവന്നിട്ടുണ്ട്. അതുകൊണ്ട് സഖാവ് മറ്റുള്ളവർ കാണാത്തത് കാണുകയും മറ്റുള്ളവർ കേൾക്കാത്തത് കേൾക്കുകയും ചെയ്യാറുണ്ട്.

അങ്ങനെ കാണുകയും കേൾക്കുകയും ചെയ്ത സാഹചര്യത്തിലാണ് അങ്ങേയറ്റത്തെ സദുദ്ദേശത്തോടെ പൊലീസ് വകുപ്പിൽ 118 എ എന്നൊരു വകുപ്പ് കൂട്ടിച്ചേർക്കാൻ തയാറായത്. പൊലീസിന് വകുപ്പുകളുടെ എണ്ണം അല്ലെങ്കിലേ തുലോം കൂടുതലാണ്. ഈ വകുപ്പ് കൂടിയാകുമ്പോൾ വ്യാജവാർത്തയെന്ന് ചാപ്പ കുത്തി, തോന്ന്യാസങ്ങളെഴുതി വിടുന്ന ഏത് പീറക്കടലാസുകാരനെയുമെടുത്ത് ജയിലിലിടാമായിരുന്നു!

മഹാസാധു പിണറായി സഖാവ് പൊലീസിന്റെ മന്ത്രിയായേപ്പിന്നെ വകുപ്പുകളുടെ അയ്യരുകളി തന്നെയായി പൊലീസിൽ. (118എ അതിലൊരു നത്തോലി വകുപ്പ് മാത്രം!) നേരത്തേ സൂചിപ്പിച്ചത് പോലെ, അതിനദ്ദേഹം കടപ്പെട്ടിരിക്കുന്നത് തന്റെ രണ്ടാമത്തെ ചങ്കായ രമൺജി ശ്രീവാസ്തവാജിയോടാണ്. എവിടെ തൊട്ടാലും മർമ്മമാണെന്നറിയുന്ന മർമ്മാണി ദേഹത്ത് തൊടാൻ മടിക്കുന്നത് പോലെയല്ല, രമൺജി ശ്രീവാസ്തവാജി. അദ്ദേഹം മർമ്മവിദ്യ അതിവിദഗ്ദ്ധമായി പ്രയോഗിച്ചു ശീലിച്ചുവന്നയാളാണ്. മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുന്ന വിദ്യയും ചെറുപ്പക്കാരെ മാവോയിസ്റ്റുകളാക്കി വേണ്ടി വന്നാൽ തൂക്കിക്കൊല്ലുന്ന വിദ്യയും വരെ അദ്ദേഹത്തിന് വശമുണ്ട്. രമൺജി ശ്രീവാസ്തവാജിയുടേത് തന്റെ ഇരട്ടച്ചങ്കായത് കൊണ്ടുതന്നെ ആ ചങ്കുണ്ടാക്കി വയ്ക്കുന്ന വകുപ്പിൽ മറ്റേ ചങ്ക് (സഖാവിന്റെ ഒറിജിനൽചങ്ക്) കൈ വയ്ക്കാറില്ല. തുല്യം ചാർത്തിക്കൊടുക്കാറേയുള്ളൂ. 118 എ വകുപ്പിൽ പിണറായി സഖാവ് തുല്യം ചാർത്തിക്കൊടുത്തത് അതുകൊണ്ടാണ്.

അതിപ്പോൾ ചങ്കല്ലെങ്കിലും പിണറായി സഖാവ് അങ്ങനെയാണ്. ശിവശങ്കരൻ വരച്ചുകൊടുക്കുന്നതിനടിയിലും രമൺജി ശ്രീവാസ്തവാജി വരച്ച് കൊടുക്കുന്നതിനടിയിലും ശൂ വരച്ച് കൊടുക്കുന്ന പതിവേ പിണറായി സഖാവിനുള്ളൂ. അച്ചടിഭാഷയിൽ പറഞ്ഞാൽ തുല്യം ചാർത്തൽ. അങ്ങനെ വരച്ചുകൊടുക്കുന്ന ശൂ ചിലപ്പോഴെല്ലാം കുഴപ്പത്തിൽ ചാടിച്ചിട്ടുണ്ട്. ശിവശങ്കരന്റെ വക ചില്ലറ കുഴപ്പമല്ല ഉണ്ടായിട്ടുള്ളത്. അതിന്റെ ക്ഷീണം അടുത്ത കാലത്തൊന്നും മാറുന്ന ലക്ഷണവുമില്ല. ശ്രീവാസ്തവാചങ്കും കുഴപ്പങ്ങൾ കാട്ടാറുണ്ട്. അതിലൊരു ചെറിയ കുഴപ്പം മാത്രമായിരുന്നു 118എ. കുതിരവട്ടം പപ്പു ഏതോ സിനിമയിൽ പറഞ്ഞത് പോലെ, ചെറിയ സ്പാനർ കൊണ്ട് തീർക്കാവുന്നത്. ചെറിയ സ്പാനർ കൊണ്ട് ആ കുറവ് തീർക്കാനായിട്ടുണ്ട്. 118എ എന്ന കുഴപ്പത്തെ പറിച്ചുകളഞ്ഞു. അതൊരു തോൽവിയായി ആരും വ്യാഖ്യാനിക്കേണ്ട. വെറുമൊരു വകുപ്പല്ലേ പോയുള്ളൂ. പോട്ടെ.

118എ വകുപ്പ് മാത്രമാണ് കുഴപ്പമെന്നതിനാൽ ആ കുഴപ്പത്തെ പേടിച്ച് ശ്രീവാസ്തവാ ചങ്കിനെ പറിച്ചുകളയേണ്ട കാര്യമില്ല. ചങ്ക് അവിടെ തുടരുന്നത് നല്ലതുതന്നെയാണ്. ഇനിയെത്ര വകുപ്പുകൾ ഇതുപോലെ വരാൻ കിടക്കുന്നു! വരാനുള്ളത് ഒരിക്കലും വഴിയിൽ തങ്ങില്ല. പ്രത്യേകിച്ച് ശ്രീവാസ്തവാജി ചങ്ക് അവിടെയിരിക്കുന്ന കാലത്തോളം. പിണറായി സഖാവിന് അത് നല്ലതേ വരുത്തൂ.

ജാഗ്രതക്കുറവുണ്ടായി എന്ന് വിലപിക്കുന്നതിന് പകരം, വിജയരാഘവൻ സഖാവ് ചെയ്യേണ്ടത് ബാലൻമന്ത്രിയോട് പറഞ്ഞ് സംഗീതനാടക അക്കാഡമിയോട് ശുപാർശ ചെയ്ത് പിണറായി സഖാവും ശ്രീവാസ്തവാ ചങ്കും ചില്ലറ വകുപ്പുകളും എന്ന പേരിലൊരു നൃത്ത സംഗീതനാടകം തട്ടിക്കൂട്ടുകയാണ്. അക്കാഡമിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുകയുമാവാം!

ഇ-മെയിൽ: dronar.keralakaumudi@gmail.com