കാരണമറിഞ്ഞ് ചികിത്സിക്കാത്തവരിൽ ആവർത്തിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ത്വക് രോഗങ്ങൾ. മരുന്നുകൾ ഉപയോഗിക്കുമ്പോൾ താൽക്കാലിക ശമനം ലഭിക്കുന്ന പല ത്വക് രോഗങ്ങളും കൂടുതൽ വേഗത്തിലും ഗൗരവത്തിലും തിരികെ വരുന്നതായി കാണാം.
അലർജി രോഗങ്ങൾ, ശ്വാസംമുട്ട്, കരൾരോഗങ്ങൾ, പൊണ്ണത്തടി, പി.സി.ഒ.ഡി, വെരിക്കോസ് വെയിൻ, വാതരോഗങ്ങൾ തുടങ്ങിയവയുള്ളവർക്കും ത്വക്ക് രോഗങ്ങൾ ഉണ്ടാകുന്നുണ്ട്. അതായത്, ത്വക്ക് രോഗങ്ങളുള്ളവർ രോഗകാരണം അതിൽ മാത്രമായി ഒതുങ്ങുമെന്ന് കരുതരുതെന്ന് സാരം.
തലയിൽ കാണുന്ന താരൻ അത് വർദ്ധിച്ച്, തോളിലും പുരികത്തിലും കണ്ണിന്റെ ഇമകളിലും ചൊറിച്ചിലും മറ്റു വ്യത്യാസങ്ങളും കാണുന്നവരിലും പാദത്തിലും മുട്ടിനു താഴെയുള്ള ഭാഗത്തും ചൊറിച്ചിലും നിറവ്യത്യാസവും ചിലപ്പോൾ വ്രണവും കാണുന്നവരിലും കൈകളിൽ ഭുജത്തിന്റെ ഭാഗത്തും കഴുത്തിലും മുഖത്തും കറുപ്പ് നിറം പടരുന്നവരിലും കക്ഷത്തിലും തുടയിടുക്കിലും വയറിലും സ്തനങ്ങൾക്ക് താഴെയും കാണുന്ന ചൊറിച്ചിലും നിറവ്യത്യാസമുള്ളവരുണ്ട്.
ത്വക്കിന് രൂക്ഷതയും അതികഠിനമായ ചൊറിച്ചിലും ചൊറിയുന്ന ഭാഗത്ത് ചെറിയ കുരുക്കൾ ഉണ്ടാകുകയും അവ ചൊറിഞ്ഞു പൊട്ടിക്കുമ്പോൾ മാത്രം സമാധാനമുണ്ടാകുന്നവരിലും ചൊറിയുമ്പോൾ ത്വക്കിൽ നിന്ന് ശൽക്കങ്ങൾ (ചെതുമ്പലുകൾ )പോലെ ഇളകി വീഴുന്നവരുമുണ്ട്. ഇതെല്ലാം ത്വക്കിനെ മാത്രം ആശ്രയിച്ചുണ്ടായ ബുദ്ധിമുട്ടല്ലെന്നും കൂടുതൽ പരിശോധനകളും ചികിത്സയും ആവശ്യമാണെന്നും മനസ്സിലാക്കണം.
ചൊറിച്ചിൽ സഹിക്കാൻ കഴിയാത്തവർക്ക് ചിലപ്പോൾ വേഗം ഫലം ലഭിക്കുന്ന സ്റ്റിറോയ്ഡുകൾ അടങ്ങിയ മരുന്നുകൾ ആവശ്യമായി വരാം. ചൊറിയാതിരിക്കാൻ സാധിക്കാത്തവരും ഭ്രാന്ത് പിടിച്ചപോലെ ചൊറിയുന്നവരും ചൊറിഞ്ഞു തളർന്നുപോകുന്നവരും ഉറക്കമില്ലാതാകുന്നവരും ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിക്കുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അത്തരം ആൾക്കാരുടെ ചൊറിച്ചിലിനും പുകച്ചിലിനും എത്രയും വേഗം സമാധാനമുണ്ടാക്കുകയാണ് വേണ്ടത്.
എന്നാൽ, സ്റ്റിറോയ്ഡുകൾ അടങ്ങിയ മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കാൻ പാടില്ലാത്തവയായതിനാൽ എത്രയും വേഗം മറ്റു മരുന്നുകളിലേക്ക് മാറേണ്ടിവരും. പുറമേ പുരട്ടുന്ന മരുന്നുകൾ മാത്രം ഉപയോഗിച്ച് ത്വക് രോഗങ്ങൾ തടയാൻ പലപ്പോഴും സാധിക്കാറില്ല. കഴിക്കുന്ന മരുന്നുകൾ ഉറക്കവും ക്ഷീണവും വർദ്ധിപ്പിക്കുന്നവയാണ്.
ആയുർവേദ രോഗചികിത്സയിൽ, പുറമേ കാണുന്ന ലക്ഷണങ്ങൾ ത്വക്കിന്റെ രൂക്ഷത വർദ്ധിപ്പിച്ചിട്ടുണ്ടായതാണോ? അതോ ഈർപ്പംകൊണ്ട് ഉള്ളതാണോ? വ്രണവും ഉണ്ടോ? എന്നതിന് പ്രാധാന്യമുണ്ട്. അതിനനുസരിച്ച് കൂടിവേണം പുറമേയും അകത്തേക്കും മരുന്ന് ഉപയോഗിക്കേണ്ടത്.
ചൊറിച്ചിലും രൂക്ഷതയുമുള്ള ത്വക് രോഗങ്ങളിൽ ചില ചൂർണങ്ങൾ കഷായമിട്ട് കഴുകുന്നവരുണ്ട്. കഷായത്തിന്റെ ചൂട് ചൊറിച്ചിലിനെ കുറയ്ക്കുമെങ്കിലും രൂക്ഷത കൂടാൻ കാരണമാകും. അത് രോഗത്തെ വർദ്ധിപ്പിക്കും.
ഈർപ്പമുള്ള ത്വക് രോഗത്തിന് ഉപ്പുചേർത്ത് കഴുകുന്നത് ഗുണം കിട്ടുമെങ്കിലും രൂക്ഷതയുള്ളവരിൽ ഫലം കിട്ടണമെന്നില്ല. ആയുർവേദ ചികിത്സയിൽ ത്രിദോഷങ്ങൾക്ക് പ്രാധാന്യം നൽകുന്നത് ഇക്കാരണത്താലാണ്. ഡ്രൈ സ്കിന്നുള്ളവർ ചൂടുവെള്ളത്തിൽ കുളിക്കുകയും നന്നായി സോപ്പ് തേക്കുകയും ചെയ്യുന്നത് അസുഖം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത് മനസ്സിലാക്കി കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഉപ്പ് ചേർക്കണോ? ഏത് ചൂർണ്ണമാണ് ഉപയോഗിക്കേണ്ടത്? ചൂടോടെ വേണോ? ചൂടുവെള്ളത്തിൽ കുളിക്കണോ? സോപ്പ് തേയ്ക്കാമോ? തുടങ്ങിയ കാര്യങ്ങൾ കൂടി ഡോക്ടറോട് ചോദിക്കേണ്ടതുണ്ട്.
ആയുർവേദ മരുന്നുകളുടെ വീര്യം കുറവായതുകൊണ്ടുതന്നെ മരുന്നുകൾക്കൊപ്പം ഇപ്രകാരമുള്ള ചെറുതെന്നു തോന്നാവുന്ന ഓരോ കാര്യങ്ങളും ശ്രദ്ധിക്കുകയും പഥ്യമായ ഭക്ഷണം കഴിച്ച് അപഥ്യമായവയെ ഒഴിവാക്കുകയും കൂടി ചെയ്തു മാത്രമേ ചികിത്സ ഫലപ്രദമാക്കാൻ സാധിക്കൂ.
എരിവും പുളിയും തൈരും ഉഴുന്ന് എന്നിവയും മുട്ട ചേർന്ന ബ്രഡ്, ബിസ്ക്കറ്റ്, കേക്ക് എന്നിവയും ഒഴിവാക്കണം. ഉപ്പുചേർത്ത ബേക്കറി സാധനങ്ങൾ, അച്ചാർ, മാംസം, അയല,ചൂര, കൊഞ്ച് ,ഞണ്ട് , ചിപ്പി, കണവ തുടങ്ങിയ മത്സ്യങ്ങൾ, അധികം വെയിലും തണുപ്പും തുടങ്ങിയവയും ത്വക്ക് രോഗങ്ങളെ വർദ്ധിപ്പിക്കും. ശരിയായ മലശോധന കിട്ടാത്തവരിലും രോഗം വർദ്ധിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ട്.
കയ്പ്പും ചവർപ്പുമുള്ള ആഹാരങ്ങൾ, സസ്യാഹാരം, പഴവർഗങ്ങൾ, കാരണമറിഞ്ഞുള്ള ആയുർവേദ ചികിത്സകൾ എന്നിവ ത്വക് രോഗത്തെ ശമിപ്പിക്കും.
ചൂടുള്ളവ കഴിക്കുമ്പോൾ,ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ, പൊടി അടിക്കുമ്പോൾ,അടച്ച മുറിയിൽ ഇരിക്കുമ്പോൾ, വെയിലത്ത് വിയർപ്പ് കണികകൾ ശരിയായി പുറത്തേക്ക് വരാനുള്ള സ്വേദ രന്ധ്രങ്ങളെ ചൊറിഞ്ഞു വഷളാക്കി വച്ചിരിക്കുന്നവർക്ക് ഭ്രാന്തമായി ചൊറിയാനുള്ള ആവേശം ഉണ്ടാകാറുണ്ട്. അപ്രകാരമുള്ള കാരണങ്ങൾ ഒഴിവാക്കി ത്വക്കിനെ മൃദുവായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പതിവില്ലാതെ ശരീരമാകെയും പ്രത്യേകിച്ച് ഗുഹ്യഭാഗത്ത് ചൊറിച്ചിലോ പുകച്ചിലോ അനുഭവപ്പെടുന്നവർ പ്രമേഹ രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
നിലവിൽ അതുള്ളവരാണെങ്കിൽ ഷുഗർ ലെവൽ നിയന്ത്രണ വിധേയമാണോ എന്ന് പരിശോധിക്കണം.
സ്ത്രീകൾക്കുണ്ടാകുന്നവെള്ളപോക്കും ഇതുപോലെ ചൊറിച്ചിലിന് കാരണമാകാം.
കൊളസ്‌ട്രോൾ വർദ്ധിക്കുന്നവരിൽ അകാരണമായി മുഖത്തും തലയിലും ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്.
ശ്വാസം മുട്ട് പെട്ടെന്ന് കുറയ്ക്കാനായി ഉപയോഗിക്കുന്ന ചില മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവരിൽ കാലുകളിൽ ത്വക് രോഗങ്ങൾ ഉണ്ടാകാറുണ്ട്.
പരിശോധനകൾ
അനിവാര്യം
ത്വക് രോഗങ്ങളുടെ കാരണങ്ങൾ തിരിച്ചറിയാൻ ലാബ് പരിശോധനകൾ ആവശ്യമാണ്. അബ്സല്യൂട്ട് ഈസ്നോഫിൽ കൗണ്ട്, ഇമ്മ്യൂണോഗ്ലോബുലിൻ-ഇ, ആഹാരത്തിനു മുമ്പും ശേഷവുമുള്ള രക്തത്തിലെ ഷുഗർ ലെവൽ, കൊളസ്‌ട്രോൾ,എ.എസ്.ടി,എ.എൽ.ടി എന്നീ രക്തപരിശോധനകളും വേണ്ടിവരും. ഡോപ്ളർ സ്റ്റഡി ചെയ്താൽ വെരിക്കോസ് വെയിനിന്റെ അവസ്ഥ മനസിലാക്കാം. വാതരോഗങ്ങളിൽ ഇ.എസ്.ആർ, റുമറ്റോയിഡ് ഫാക്ടർ എന്നിവയും പരിഗണിക്കേണ്ടതുണ്ട്. ഇത്തരം പരിശോധനകളിലൂടെ മറ്റ് രോഗങ്ങളുടെ തീവ്രത മനസിലാക്കി, അവയെ കൂടി നിയന്ത്രണത്തിലാക്കി വേണം ത്വക്ക് രോഗങ്ങളെ ചികിത്സിക്കാൻ. അല്ലാത്തപ്പോൾ ചികിത്സകൊണ്ട് ത്വക്ക് രോഗങ്ങൾ താത്ക്കാലികമായി ശമിച്ചെന്നുവരാം. എന്നാൽ വളരെ പെട്ടെന്നുതന്നെ പതിന്മടങ്ങ് ശക്തിയോടെ അവ തിരിച്ചുവരാൻ സാദ്ധ്യതയുണ്ട്.