general
ചുമരെഴുതുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഗോപകുമാ‌ർ

ബാലരാമപുരം: കൈത്തൊഴിലിലൂടെ സ്ഥാനാർത്ഥി പ്രചാരണത്തിന് സമയം കണ്ടെത്തുകയാണ് ബാലരാമപുരം പഞ്ചായത്ത് പുള്ളിയിൽ വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ഗോപകുമാർ.കഴിഞ്ഞ 30 വർഷമായി കോൺഗ്രസിന് വേണ്ടി ചുമരെഴുതുന്ന ഗോപകുമാറിനാണ് പുള്ളിയിൽ വാർഡിൽ ഇക്കുറി നറുക്ക് വീണത്.പത്ത് വർഷം മുമ്പ് ഇതേ വാർഡിൽ സ്ഥാനാർത്ഥി ലിസ്റ്റിൽ പേര് വന്നെങ്കിലും ഗോപകുമാർ ഒഴിഞ്ഞുമാറി.എന്നാൽ അങ്കത്തട്ടിൽ കന്നിയങ്കത്തിന് ഇറങ്ങി ഇടതു ബി.ജെപി നേത്യത്വത്തിന് വെല്ലുവിളിയുയർത്തി ശക്തമായ ചുമരെഴുത്ത് പ്രചാരണത്തിലാണ് ഗോപകുമാർ.സ്വന്തം പേരും ചിഹ്നവും സ്ഥാനാർത്ഥി തന്നെ എഴുതുന്ന കൗതുക കാഴ്ച്ചയാണ് പുള്ളിയിൽ വാർഡിൽ നാട്ടുകാർ കാണുന്നത്.വിജയപ്രതീക്ഷയിലാണെങ്കിലും ഇടതു ബി.ജെ.പി സ്ഥാനാർത്ഥികളും ഇവിടെ ശക്തമായ പ്രചരണത്തിലാണ്.കോൺഗ്രസിന് മാത്രമല്ല വ്യക്തിബന്ധമുള്ള മറ്റ് കക്ഷികളിലെ സുഹൃത്തുകൾക്കും ഗോപകുമാർ ചുമരെഴുത്തിൽ ഉപജീവനം തേടും.