കിളിമാനൂർ:തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുന്നണികൾ ആവേശ പ്രചാരണത്തിലേക്ക് നീങ്ങുകയാണ്.എന്നാൽ ഇതിനുള്ള ചെലവ് കാശ് കണ്ടെത്താനാകാതെ വലയുകയാണ് ഒരു വിഭാഗം സ്ഥാനാർത്ഥികളും മുന്നണികളും.കൊവിഡ് പ്രതിസന്ധികൾക്കിടയിൽ വ്യാപാരവ്യവസായ കേന്ദ്രങ്ങളിൽനിന്ന് പഴയതുപോലെ വലിയ തുകയൊന്നും സംഭാവന ലഭിക്കുന്നില്ല.പോസ്റ്റർ,ഫ്ലക്സ്, നോട്ടീസ്,ചുവരെഴുത്ത്,കൊടി, തോരണം,മാസ്ക്,ചിഹ്നം പതിച്ച പോസ്റ്റർ,മൈക്ക് അനൗൺസ്‌മെന്റ്,പ്രചാരണ വാഹനങ്ങൾ തുടങ്ങി പ്രാഥമിക പ്രചാരണ സാമഗ്രികൾക്ക് തന്നെ വലിയ ചെലവുണ്ട്. ഒരിഞ്ച് പിന്നോട്ട് പോകാതെ ഇടിച്ച് നിന്നെങ്കിലേ വോട്ട് പെട്ടിയിൽ വീഴൂ.സ്ഥാനാർത്ഥികൾ സ്വന്തം നിലയിലും പാർട്ടി ഘടകങ്ങളും പണം കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിലാണ്. ദിവസവേതനക്കാരായ തൊഴിലാളികളിൽ പലരും പഞ്ചായത്തുകളിൽ സ്ഥാനാർത്ഥികളാണ്.