തിരുവനന്തപുരം: നഗരസഭയിലെ വിവാദമായ റോസാപൂ ചിഹ്ന വിവാദത്തിൽ ഇലക്ഷൻ കമ്മിഷൻ നടപടിയെടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കാൻ ബി.ജെ.പി തീരുമാനിച്ചു. 12 സ്ഥാനാർത്ഥികളുടെ അപരന്മാർക്കാണ് ബി.ജെ.പിയുടെ ചിഹ്നമായ താമരയ്ക്ക് സമാനമായ റോസാപൂ നൽകിയത്. ബി.ജെ.പിയുടെ സിറ്രിംഗ് കൗൺസിലർ ജി.എസ്. ആശാനാഥ് മത്സരിക്കുന്ന പാപ്പനംകോട് വാർഡിൽ ബാലറ്ര് പേപ്പറിലെ ഒന്നാം പേരുകാരി ആശയ്ക്ക് റോസാപൂവാണ് നൽകിയിരിക്കുന്നത്. ആശാനാഥ് ഇവിടെ രണ്ടാംപേരുകാരിയാണ്. സാധാരണ ദേശീയ - സംസ്ഥാന പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് ശേഷമാണ് സ്വതന്ത്രർക്ക് ഇടം നൽകുന്നതെങ്കിലും ഇടതുപക്ഷത്തിന് വേണ്ടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് തൊട്ടുമുകളിലും താഴെയുമായി അപരന്മാർക്ക് റോസാപൂ ചിഹ്നം നൽകിയെന്നാണ് ബി.ജെ.പിയുടെ പരാതി. ഇലക്ഷൻ കമ്മിഷനും ഇക്കാര്യത്തിൽ നടപടിയെടുത്തില്ലെന്ന് ഇവർ ആരോപിച്ചു.