തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പേര് പിൻവലിക്കണമെങ്കിൽ നോട്ടറി സർട്ടിഫിക്കറ്റ് വേണമെന്ന പി.എസ്.സിയുടെ നിബന്ധന ഒഴിവാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കാൻ നടപടിയായില്ല.
പി.എസ്.സി വഴി ജോലിയിൽ പ്രവേശിച്ച ശേഷം മറ്റേതെങ്കിലും റാങ്ക് ലിസ്റ്റിൽ പേര് ഉൾപ്പെണ്ടെങ്കിൽ ഒഴിവാക്കാൻ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം, നോട്ടറി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. നോട്ടറി സർട്ടിഫിക്കറ്റ് ഒഴിവാക്കണമെന്നും പ്രൊഫൈൽ വഴി പേര് പിൻവലിക്കാനുള്ള സാദ്ധ്യത പരിശോധിക്കണമെന്നുമാണ് മറ്റൊരു കേസ് പരിഗണിക്കവേ കോടതി പറഞ്ഞത്. ഉദ്യോഗാർത്ഥികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു ഈ നിർദ്ദേശം. ഇതേ നിർദ്ദേശം മനുഷ്യാവകാശ കമ്മിഷനും നൽകിയിരുന്നു.
എന്നാൽ പ്രൊഫൈൽ വഴി ജോലി വേണ്ടെന്ന് അറിയിക്കുമ്പോൾ കബളിപ്പിക്കലിന് സാദ്ധ്യതയുണ്ടെന്നാണ് പി.എസ്.സി പറയുന്നത്. മിക്ക ഉദ്യോഗാർത്ഥികളുടെയും യൂസർനെയിം, പാസ്‌വേഡ് എന്നിവ ഇന്റർനെറ്റ് കഫേകളിലോ സുഹൃത്തുക്കളുടെ കൈയിലോ ഉണ്ടാകാനാണ് സാദ്ധ്യത. റാങ്ക് ലിസ്റ്റിൽ ഒരാൾ പിന്മാറിയാൽ തൊട്ടടുത്തയാളിന് ജോലി ലഭിക്കാമെന്നതിനാൽ പ്രൊഫൈലിലൂടെ ജോലിവേണ്ടെന്ന അറിയിപ്പ് നൽകുന്നത് യഥാർത്ഥ പ്രൊഫൈൽ ഉടമ ആകണമെന്നില്ല. ഇതിനാലാണ് ഗസറ്റഡ് ഓഫീസർ, നോട്ടറി എന്നിവരുടെ സർട്ടിഫിക്കറ്റ നിർബന്ധമാക്കിയത്. 50 രൂപ മുദ്രക്കടലാസിലാണ് ഇതുസംബന്ധിച്ച് നോട്ടറിയുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗാർത്ഥി ഒപ്പിടേണ്ടത്.