തിരുവനന്തപുരം:തലസ്ഥാന ജില്ലയുടെ മുഖമായ കിഴക്കേകോട്ടയിൽ വികസന പ്രവർത്തനങ്ങൾ കടലാസിൽ തന്നെ. വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച പല ബൃഹത് പദ്ധതികളും പൂർത്തിയായിട്ടില്ല.കാലാകാലങ്ങളായി കിഴക്കേകോട്ട നേരിടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ മാറിമാറി വരുന്ന രാഷ്ട്രീയപാർട്ടികൾക്കുമായില്ല.വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ഫുട് ഓവർ ബ്രിഡ്ജിന്റെയും അടിപ്പാതയുടെയും നിർമ്മാണം ഇപ്പോഴും പാതിവഴിയിൽത്തന്നെ.
ആകാശപ്പാത സ്വപ്നത്തിൽ
കേട്ട് പഴകിച്ച വാഗ്ദാനമാണ് കിഴക്കേകോട്ടയിലെ നിർദിഷ്ട ആകാശപ്പാത. പദ്ധതി പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം ഇതുവരെയും പൂർത്തിയായില്ല. പലതവണ മുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ ലോക്ക് ഡൗണിന് ശേഷം ഒക്ടോബറിൽ പുനരാരംഭിച്ചിരുന്നു. ഇതിനിടയിൽ വീണ്ടും പണി മുടങ്ങി. ഗാന്ധിപാർക്കിൽ നിന്നു തുടങ്ങി ആറ്റുകാൽ ബസ് സ്റ്റോപ്പിലേക്കും, ആറ്റുകാൽ ബസ് സ്റ്റോപ്പിൽ നിന്ന് കോവളം ബസ് സ്റ്റോപ്പ് ഭാഗത്തേക്കും,അവിടെ നിന്നു റോഡ് മുറിച്ചുകടന്ന് കോട്ടമതിലിനു സമീപവും ഇറങ്ങാവുന്ന തരത്തിലാണ് ഫുട് ഓവർ ബ്രിഡ്ജിന്റെ ഘടന. കോട്ടയ്ക്ക് സമാനമായി പൈതൃകം സംരക്ഷിച്ച് പൗരാണിക രീതിയിലാണ് ബ്രിഡ്ജ് ഡിസൈൻ ചെയ്തിരിക്കുന്നത്.
നടപ്പിലാകാത്ത അടിപ്പാത
കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് അടിപ്പാത പദ്ധതി അവതരിപ്പിച്ചത്. ചാല മാർക്കറ്റ്, കിഴക്കേകോട്ട ബസ് സ്റ്റാൻഡ്, പുത്തരിക്കണ്ടം മൈതാനം, ഗാന്ധിപാർക്ക് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതിന് നിലവിലുള്ള റോഡ് ലെവലിൽ നിന്ന് 1.2 മീറ്റർ താഴെയാണ് അടിപ്പാത നിർമിക്കാൻ തീരുമാനിച്ചിരുന്നത്.
അപകടങ്ങളിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ
വാഹനത്തിരക്കുള്ള കിഴക്കേകോട്ടയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടങ്ങൾ സംഭവിക്കുന്നത് തുടർക്കഥയായതിനാലാണ് സമാന്തരപാതയെപ്പറ്റി ചിന്തിക്കുന്നതുതന്നെ. ജനത്തിരക്കും വാഹനബാഹുല്യവും സ്ഥലപരിമിതിയും ഇവിടെ വെല്ലുവിളിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരുപതോളം പേരാണ് വാഹനമിടിച്ച് കിഴക്കേകോട്ടയിൽ മരിച്ചതെന്നാണ് കണക്കുകൾ.ഇതിൽ പകുതിയും റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടമാണ്.
'' അടിപ്പാതയ്ക്കായി അടുത്തയാഴ്ച ടെൻഡർ ക്ഷണിക്കും. തിരഞ്ഞെടുപ്പ് പൂർത്തിയായയുടൻ
നിർമ്മാണം തുടങ്ങും.18 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാണ് ശ്രമം.
'' പി.ബാലകിരൺ, സി.ഇ.ഒ,സ്‌മാർട്ട് സിറ്റി,
തിരുവനന്തപുരം ലിമിറ്റഡ്