ആലുവ: മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റുചെയ്തു. കുഞ്ചാട്ടുകര ആശ്രമത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാവൂർ പോഞ്ഞാശേരി കാട്ടോളിപ്പറമ്പിൽ ഫിറോസാണ് (50) പിടിയിലായത്. വീട്ടിൽനിന്നും 1.05 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. യുവാക്കളേയും വിദ്യാർത്ഥികളേയും ലക്ഷ്യമിട്ടാണ് കച്ചവടം. നേരത്തേയും ഇയാളെ കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം റൂറൽ ജില്ലയിൽ രണ്ടിടങ്ങളിൽനിന്ന് 140 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പരിശോധന നടക്കുന്നതിനിടയിലാണ് ഫിറോസ് കഞ്ചാവുമായി പിടിയിലാകുന്നത്. കഴിഞ്ഞയാഴ്ച പെരുമ്പാവൂരിൽനിന്ന് 45 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്നുപേരെ പിടികൂടിയിരുന്നു.
എറണാകുളം റൂറൽ ജില്ലയിലെ ഡാൻസാഫ് ടീമിനൊപ്പം എടത്തല സി.ഐ പി.ജെ. നോബിളും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.