മതിലിന്റെ ഉയരം കൂട്ടി മുള്ളുവേലി കെട്ടും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ വിന്യസിച്ചതിനു പിന്നാലെ, മുഖ്യമന്ത്റിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും സുരക്ഷ വർദ്ധിപ്പിക്കുന്നു. ഒരാൾക്ക് ചാടിക്കടക്കാൻ കഴിയാത്ത വിധത്തിൽ ചുറ്റുമതിലിന്റെ ഉയരം കൂട്ടി മുകളിൽ മുള്ളുവേലി സ്ഥാപിക്കും. പൊലീസിന്റെ കണ്ണുവെട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം ക്ലിഫ്ഹൗസ് ഗേറ്റിനു സമീപമെത്തിയതിനെ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള പൊലീസ് ശുപാർശ.
ക്ലിഫ്ഹൗസിനകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്നു ക്ലിഫ്ഹൗസ് റോഡിലേക്ക് യാത്രക്കാരെ കർശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടൂ. ക്ലിഫ്ഹൗസിലേക്ക് ഇറങ്ങാൻ സാധിക്കുന്ന തരത്തിൽ പന്തലിച്ചു നിൽക്കുന്ന വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റും. ക്ലിഫ് ഹൗസിനു മുന്നിലെ ഗാർഡ് റൂമിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വാച്ച് ടവറിനേതിനു തുല്യമാക്കും. ഇതോടെ ,ദേവസ്വംബോർഡ് ജംഗ്ഷനിൽ നിന്നു ആളുകൾ നീങ്ങുമ്പോൾ തന്നെ പൊലീസിന് അറിയാൻ കഴിയും.
ഒരു സി.സി.ടി.വി കാമറാ സംവിധാനം കൂടി ദേവസ്വംബോർഡ് ജംഗ്ഷനിൽ സ്ഥാപിക്കും. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് ഒരു ജനറേറ്റർ കൂടി സ്ഥാപിക്കാനും തീരുമാനമായി. പുറത്തുനിന്നു നോക്കുന്നവർക്ക് ക്ലിഫ്ഹൗസ് കാണാൻ കഴിയുമെന്നതാണ് മതിലിന്റെ ഉയരം കൂട്ടുന്നതിനു കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.