hh

വർക്കല: സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പൊലീസിന്റെ ഓപ്പറേഷൻ കാവൽക്കണ്ണുകൾ എന്ന പദ്ധതിയുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ പുത്തൻചന്തയിൽ സ്ഥാപിച്ച 18 ഓളം നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി.

8,80,000 രൂപ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻചന്ത യൂണിറ്റ് സമാഹരിച്ച് ഒരു സ്വകാര്യ കമ്പനിക്ക് നൽകിയാണ് കാമറകൾ വാങ്ങിയത്. കുറ്റകൃത്യങ്ങളും അപകടങ്ങളും മറ്റ് അത്യാഹിതങ്ങളും കണ്ടെത്തുന്നതിന് ഏറെ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ പൊലീസും വ്യാപാരി സമൂഹവും മുൻകൈയെടുത്തത്. പുത്തൻചന്തയിൽ സ്ഥാപിച്ച കാമറ സംവിധാനം ഇപ്പോൾ പൂർണമായും പ്രവർത്തനരഹിതമാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് മഴക്കാലത്ത് ഇടിമിന്നലിൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതോടെയാണ് കാമറകളുടെ പ്രവർത്തനം നിശ്ചലമായത്. പുത്തൻചന്ത പാലത്തിന് സമീപത്തെ 2 കാമറകൾ 1 വർഷം മുൻപ് സാമൂഹ്യവിരുദ്ധർ നശിപ്പിക്കുകയും ചെയ്തു.

ഇത് സംബന്ധിച്ച് വർക്കല പൊലീസിൽ പരാതി നൽകിയെങ്കിലും കുറ്റകൃത്യം നടത്തിയവരെ ഇതുവരെ കണ്ടെത്താനും കഴിഞ്ഞില്ല. തകരാറിലായ കാമറ മാറ്റി സ്ഥാപിച്ചിട്ടുമില്ല. പുത്തൻ ചന്തയിലെ നിരീക്ഷണ കാമറ സംവിധാനം കാര്യക്ഷമമാക്കുന്നതിന് പൊലീസും മുൻകൈയെടുക്കേണ്ടതുണ്ട്.