c-s-suresh

തിരുവനന്തപുരം:'എടീ മോളെ ഇന്ന് രാവിലെ പ്രചാരണത്തിനിറങ്ങണം. ഞായറാഴ്ചയല്ലേ എല്ലാരും വീട്ടിൽ കാണും... ആ നന്ദൂട്ടാ മാര്യാദയ്ക്ക് നിന്നോളണം.സുരേഷിന്റെ വാചകമടി കേട്ട് പൈക്കൾ ചുമ്മാ കണ്ണുമിഴിച്ച് നിന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ മൂന്നു പേരും തലകുലുക്കി. വിളപ്പിൽ പഞ്ചായത്തിൽ പേയാട് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം.സി. സുരേഷ് പ്രചാരണത്തിനിറങ്ങും മുൻപ് പശുക്കളോട് കുശലം പറയുന്നത് പതിവാണ്. സുരേഷിനെ സംബന്ധിച്ചിടത്തോളം കുടുംബത്തിലെ അംഗങ്ങളാണിവർ. പശു വളർത്തലാണ് സുരേഷിന്റെ കുടുംബത്തിന്റെ വരുമാനമാർഗം. നേരത്തേ അഞ്ച് പശുക്കളുണ്ടായിരുന്നു.ഇപ്പോൾ മൂന്നെണ്ണമേയുള്ളൂ. രാവിലെ നാലോടെ സുരേഷ് പശുക്കൾക്ക് പുല്ലും വെള്ളവും കൊടുക്കും. ആറ് മണിക്ക് മുൻപ് പാല് കറന്ന് ക്ഷീരസംഘത്തിലെത്തിക്കും. ശേഷമാണ് പ്രചാരണത്തിനിറങ്ങുക. എന്നാലും ഇടയ്ക്ക് വീട്ടിലേക്ക് ഓടിയെത്തും. പശുക്കളെ പറമ്പിൽ മേയാനായി കൊണ്ടുകെട്ടും. മൂന്നും ജെഴ്സി പശുക്കളാണ്.

സി.പി.എം പിറയിൽ ബ്രാഞ്ച് സെക്രട്ടറിയും വിളപ്പിൽ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റുമാണ് സുരേഷ്. ഭാര്യ സുമയാണ് സുരേഷ് പ്രചാരണ തിരക്കിലായിരിക്കുമ്പോൾ പശുക്കളെ നോക്കുന്നത്. പത്താം ക്ളാസിൽ പഠിക്കുന്ന ആര്യയും ആറാം ക്ലാസുകാരൻ അഭിജിത്തുമാണ് മക്കൾ. പേയാട് വാർഡ് എൽ.ഡി.എഫ് വിജയം ഉറപ്പിച്ച സീറ്റാണെന്നാണ് മുമ്പ് രണ്ടുവട്ടം ഗ്രാമപഞ്ചായത്ത് അംഗം ആയിട്ടുള്ള സുരേഷ് പറയുന്നത്. എന്നാൽ ഇത്തവണ പേയാട് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് യു.ഡി.എഫും എൻ.ഡി.എയും വിശ്വസിക്കുന്നത്. വൈ.ജയകുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ശ്രീലാൽ എൻ.‌ഡി.എയ്ക്കു വേണ്ടി മത്സരിക്കുന്നു.