പൂവാർ: എരിക്കലുവിളയിൽ പഴയവീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്തുവീണ് തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. കുളത്തൂർ ചാലക്കര നെല്ലിക്കാക്കുഴി വീട്ടിൽ രാജു - ലിജി പുഷ്പം ദമ്പതികളുടെ മകൻ സനൽരാജാണ് (35) മരിച്ചത്. പൂവാർ കല്ലുമുക്ക് എരിക്കലുവിളയിൽ ക്രിസ്‌തുദാസി - പ്രഭു ദമ്പതികളുടെ പഴക്കം ചെന്ന വീട് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 9ഓടെയായിരുന്നു സംഭവം. മേൽക്കൂര പൊളിക്കുന്നതിനിടെ സനൽ, ബിജു എന്നിവരുടെ ദേഹത്തേക്ക് സ്ലാബ് വീഴുകയായിരുന്നു. നാലുപേരാണ് ജോലിക്കുണ്ടായിരുന്നത്. സനൽ സ്ലാബിന്റെ അടിയിൽപ്പെട്ടുപോയി. അപകടം നടന്ന ഉടനേ നാട്ടുകാരും ഒപ്പമുണ്ടായിരുന്ന തൊഴിലാളികളും ഇരുവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും സനൽരാജ് മരിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ ബിജു ആശുപത്രിയിൽ ചികിത്സയിലാണ്. രാഖിയാണ് സനൽരാജിന്റെ ഭാര്യ. അഭിനന്ദ് (6), അഭിനവ് (4) എന്നിവർ മക്കളാണ്. അപകടവുമായി ബന്ധപ്പെട്ട് പൂവാർ പൊലീസ് കേസെടുത്തു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.