റെയ്ഡിനു പിന്നിൽ ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്പര്യമെന്ന് ആക്ഷേപം
വീണ്ടും നോട്ടപ്പിശകിൽ കുരുങ്ങി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ ഭാഗമായ വിജിലൻസ്, സംസ്ഥാന സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ നടത്തിയ വിവാദ റെയ്ഡിനെച്ചൊല്ലി പാർട്ടി നേതൃത്വത്തിൽത്തന്നെ അതൃപ്തി മറനീങ്ങിയതോടെ സി.പി.എമ്മിൽ പുതിയ വിവാദത്തിന്റെ വെടിയൊച്ച. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിഷയത്തിന് കൂടുതൽ ഗൗരവം കൈവരുകയാണ്.
റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അതേസമയം, പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും, ചർച്ചയ്ക്കു ശേഷം അഭിപ്രായം പറയാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. റെയ്ഡിനു പിന്നിൽ ഉദ്യോഗസ്ഥരുടെ നിക്ഷിപ്തതാത്പര്യങ്ങളുണ്ടോ എന്ന് സി.പി.എം പരിശോധിക്കുമെന്ന് ഉറപ്പായി. അടുത്തു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.
മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിൽ പടയൊരുക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ധനമന്ത്രി വിജിലൻസിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രതികരിച്ചതോടെ റെയ്ഡ് വിവാദം തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കെതിരായ ആയുധമായെന്ന് വ്യക്തം.
മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന റെയ്ഡാണെന്ന് പാർട്ടി നേതൃത്വം കരുതുന്നില്ലെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് തിരഞ്ഞെടുപ്പു കാലത്തും വിവാദങ്ങളുടെ കേന്ദ്രമാകുന്നതിലെ അതൃപ്തിയാണ് സി.പി.എമ്മിൽ ശക്തമാകുന്നത്.
പൊലീസ് നിയമ ഭേദഗതിയിൽ ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എമ്മിന് തുറന്നു സമ്മതിക്കേണ്ടിവന്നതിനു പിന്നാലെയാണ് റെയ്ഡ് വിവാദം. ആഭ്യന്തരവകുപ്പിൽ നിന്ന് തുടർച്ചയായി ഇത്തരം നോട്ടപ്പിശകുണ്ടാകുന്നതാണ് പാർട്ടിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് ഉദ്യോഗസ്ഥർ പല അട്ടിമറിനീക്കങ്ങൾക്കും ചരടുവലിക്കാനിടയുണ്ടെന്നിരിക്കെ അതിന് കുട പിടിച്ചുകൊടുക്കണോ എന്നാണ് പാർട്ടിയിലെ ചോദ്യം.
സർക്കാരിന്റെ പല പദ്ധതികളിലേക്കും അന്വേഷണം നീട്ടി വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഏജൻസികളുടേത് രാഷ്ട്രീയ പകപോക്കലെന്നാരോപിച്ച് ഇടതുമുന്നണി സമരം ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിന്റെ തന്നെ അന്വേഷണ ഏജൻസി രാഷ്ട്രീയ എതിരാളികൾക്ക് ആയുധമിട്ടു കൊടുത്തതിലാണ് അമർഷം.
മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് അറിഞ്ഞാണ് റെയ്ഡ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി തുടക്കം മുതൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതെന്ന് അറിയുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോർട്ടിനെതിരെ രംഗത്തുവന്ന ഐസക്കിന് വിജിലൻസിനെയും ശത്രുപക്ഷത്തു നിർത്തേണ്ടിവന്നു. സംശയമുന നീളുന്നത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിലേക്കാണെന്ന് സംസാരമുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു വേണ്ടിയാണ് പരിശോധന നടന്നതെന്ന് സംശയിക്കണമെന്ന ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം അതുകൊണ്ടുതന്നെ ഇരുതല മൂർച്ചയുള്ളതാണ്.
ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധനയെന്നാണ് വിജിലൻസ് വാദം. അതിനാൽ കാര്യങ്ങളുടെ ന്യായാന്യായങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി ഒരുങ്ങിയേക്കും. മുഖ്യമന്ത്രി വിശദീകരണം തേടിയെന്ന വാർത്തകൾക്കിടെ, വിജിലൻസ് ഇന്ന് പത്രക്കുറിപ്പിറക്കുമെന്നാണ് സൂചന.
മന്ത്രി തോമസ് ഐസക് വിജിലൻസിനെ ഭീഷണിപ്പെടുത്തി കെ.എസ്.എഫ്.ഇ ചിട്ടി കേസ് അട്ടിമറിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം നടന്ന ട്രഷറി തട്ടിപ്പും ഐസക്ക് തന്നെയാണ് അട്ടിമറിച്ചത്. പ്രവാസി ചിട്ടിയിലും വലിയ തട്ടിപ്പ് നടന്നു. തന്റെ എല്ലാ പദ്ധതികളിലും തട്ടിപ്പ് നടത്തുകയാണ് തോമസ് ഐസക്.
കെ. സുരേന്ദ്രൻ,
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
കെ.എസ്.എഫ്.ഇ അഴിമതിയിൽ അന്വേഷണം വേണം. മുഖ്യമന്ത്രി മറുപടി പറയണം.
ക്രമക്കേട് പുറത്തുവരുമ്പോൾ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. ആർക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം.
രമേശ് ചെന്നിത്തല,
പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് പലതും പറയും. ഇപ്പോൾ വിജിലൻസ് നല്ലതാണെന്ന് പറയും. അദ്ദേഹത്തിനു നേരെ അന്വേഷണം വരുമ്പോൾ മോശമാണെന്ന് പറയും. ഗുണം കിട്ടുമോ എന്ന് നോക്കിയാണ് അദ്ദേഹം അഭിപ്രായം പറയുന്നത്.
-എ. വിജയരാഘവൻ,സി.പി.എം സംസ്ഥാന സെക്രട്ടറി
കെ.എസ്.എഫ്.ഇയിൽ ആഭ്യന്തര ഒാഡിറ്റ്
തിരുവനന്തപുരം: വിജിലൻസ് പരിശോധന നടന്ന സാഹചര്യത്തിൽ കെ.എസ്.എഫ്. ഇയിൽ ഇന്ന് ആഭ്യന്തര ഒാഡിറ്റ് നടത്താൻ നിർദ്ദേശം. വിജിലൻസ് പരിശോധന നടത്തിയ സാഹചര്യം വിശദീകരിച്ച് റിപ്പോർട്ട് നൽകാനും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.