thajudeen

വിതുര:മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ആര്യനാട് മീനാങ്കൽ തണ്ണിക്കുളം കുന്നിൻ പുറത്ത് വീട്ടിൽ മാധവനാണ് (50) കൊല്ലപ്പെട്ടത്. കൊല നടത്തിയ വിതുര മേമല പട്ടൻകുളിച്ചപാറ വേമ്പരിയിൽ വീട്ടിൽ താജുദ്ദീൻകുഞ്ഞ് (62) അറസ്റ്റിലായി.

കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം. ചാരായം വാറ്റുകയായിരുന്ന താജുദ്ദീന്റെ പട്ടൻകുളിച്ചപാറ വീട്ടിൽ രാത്രി എട്ട് മണിയോടെയാണ് മാധവൻ ചാരായം വാങ്ങാനെത്തിയത്. ഇരുവരും മദ്യം കഴിക്കുകയും.,ചാരായവിൽപ്പനയെച്ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു. താജുദ്ദീൻ റബർ കമ്പെടുത്ത് മാധവൻെറ തലയിൽ അടിച്ചു. തല പൊട്ടി ചോര ഒഴുകിയതിനെ തുടർന്ന് മാധവൻ നിലവിളിച്ചപ്പോൾ ,താജുദ്ദീൻ വായ പൊത്തിപ്പിടിച്ചു. മാധവൻ ബോധം കെട്ട് നിലത്തു വീണപ്പാൾ താജുദ്ദീൻ പുറത്തു പോയി .മടങ്ങി വന്നപ്പോൾ മാധവൻ മരിച്ചിരുന്നു. രാത്രി തന്നെ മൃതദേഹം കാട്ടിൽ കൊണ്ടു പോയി കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.പിറ്റേ ദിവസം രാത്രിയും ജഡം മാറ്റാൻ ശ്രമിച്ചിരുന്നു.വെള്ളിയാഴ്ചയായപ്പോൾ മൃതദേഹം അഴുകി ദുർഗന്ധം വമിച്ചു തുടങ്ങി. അടുക്കള ഭാഗത്തു കിടന്ന മൃതദേഹം വലിച്ചു കൊണ്ടു വന്ന് കട്ടിലിനിടയിൽ കുഴിയെടുത്ത് മൂടി. ഇൗ സമയത്ത് തൊഴിലുറപ്പ് തൊഴിലാളികൾ വീടിനടുത്ത് ജോലി ചെയ്യുകയായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊഴിലാളികൾ ചെന്ന് നോക്കിയപ്പോൾ വീട്ടിനുള്ളിൽ രക്തം കട്ട പിടിച്ച് കിടക്കുന്നത് കണ്ട് വിതുര പൊലീസിനെ വിവരമറിയിച്ചു .സംഭവത്തിന് ശേഷം ഒളിവിൽ പോയ താജുദ്ദീൻ വീട്ടിന് സമീപമുള്ള പേപ്പാറ വനത്തിൽ കഴിയുകയായിരുന്നു..ഇന്നലെ രാത്രിയോടെ പ്രതി വീണ്ടും കൊലപാതകം നടന്ന വീട്ടിലെത്തിയിരുന്നു.തുടർന്നുള്ള അന്വേഷണത്തിൽ, താജുദ്ദീൻ വനത്തിലുണ്ടെന്ന് പൊലീസ് മനസിലാക്കി.ഇന്നലെ ഉച്ചയോടെ റൂറൽ എസ്.പി.ഡി.അശോകൻ,ഡിവൈ.എസ്.പി ഉമേഷ്കുമാർ,വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്.ശ്രീജിത്ത്,സബ് ഇൻസ്പെക്ടർ എസ്.എൽ.സുധീഷ്,അഡീഷണൽ ഇൻസ്പെക്ടർമാരായ വിനോദ്,സജി,എസ്.സി.പി.ഒ പ്രദീപ്,സി.പി.ഒ മാരായ നിതിൽ,ഷിജു,റോബർട്ട്,വിജയൻ, ഷിബുകുമാർ,ഷാഡോ ഇൻസ്പെക്ടർ സുനിൽലാൽ,ഷിബുകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.

ഉറ്റ സുഹൃത്തുക്കളായ താജുദ്ദീനും,മാധവനും ചാരായവാറ്റും,വിൽപ്പനയുമുണ്ടെന്നും, ഇരുവരുടെയും പേരിൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.താജുദ്ദീൻെറ വീട്ടിൽ നിന്ന് വാറ്റുപകരണങ്ങളും ചാരായവും കണ്ടെടുത്തു..മാധവൻെറ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നെടുമങ്ങാട് ശാന്തിതീരത്തിൽ സംസ്കരിച്ചു. താജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും.