vatt

വെള്ളറട: ക്രിസ്മസ്, പുതുവത്സര ആഘോഷം ലക്ഷ്യമാക്കി ജില്ലയിലെ മലയോര ഗ്രാമങ്ങളിൽ വ്യാജമദ്യ നിർമ്മാണം വ്യാപകമാകുന്നു. നെയ്യാർ റിസർവോയർ ഉൾപ്പെടുന്ന വനമേഖലയിലെ പഴയ വാറ്റുകേന്ദ്രങ്ങളിലും അതിർത്തി കേന്ദ്രീകരിച്ചുമാണ് ചാരായ നിർമ്മാണം തകൃതിയാകുന്നത്. വീര്യംകൂടിയ മദ്യമായതിനാൽ ഇതിന് ആവശ്യക്കാരും ഏറെയാണ്. മുൻപ് കാലത്ത് മദ്യം നിർമ്മിക്കുന്ന സ്ഥലങ്ങളിൽ തന്നെ ഇവ വിതരണം ചെയ്യുമായിരുന്നെങ്കിൽ ഇപ്പോൾ ആവശ്യക്കാർക്ക് അവരുടെ സ്ഥലങ്ങളിൽ വാഹനങ്ങളിൽ എത്തിക്കുന്നതാണ് രീതി.

ഉൾവനങ്ങളിലും മലയോര പ്രദേശങ്ങളിലും ഗ്യാസ് സിലിണ്ടറും കുക്കറും ഉപയോഗിച്ച് നിർമ്മിക്കുന്ന മദ്യത്തിനൊപ്പം സ്പിരിറ്റ് കലക്കി നിർമ്മിക്കുന്ന വ്യാജ വിദേശമദ്യവും വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. ഒരു ലിറ്റർ ചാരായത്തിന് ക്വാളിറ്റി അനുസരിച്ച് 500 മുതൽ 800 രൂപ വരെയാണ് വില. ഇടനിലക്കാർ വഴിയാണ് കച്ചവടം. അമ്പൂരി, ആര്യങ്കോട്, വെള്ളറട, ഒറ്റശേഖരമംഗലം പ്രദേശങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ ചാരായ കച്ചവടം തകൃതിയാണ്. ആഢംബര വാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലും അര ലിറ്ററിന്റെയും ഒരു ലിറ്ററിന്റെയും കുപ്പികളിലാക്കിയാണ് ചാരായം എത്തിക്കുന്നത്. പൊലീസ്, എക്സൈസ്, വനം വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധനകൾ ശക്തമായില്ലെങ്കിൽ മലയോര അതിർത്തി ഗ്രാമങ്ങൾ വലിയൊരു മദ്യദുരന്തത്തിലേക്കാവും എത്തിപ്പെടുക

മറികടന്നത് ഏറെ പണിപ്പെട്ട്

മുൻപും മലയോര മേഖലയിൽ ഇത്തരത്തിലുള്ള വ്യാജമദ്യ നിർമ്മാണം വ്യാപകമായിരുന്നു. ഇതോടെ മേഖലയിലെ ആദിവാസികളും യുവാക്കളും ഉൾപ്പെടെയുള്ളവർ മദ്യത്തിന് അടിമകളായി മാറി. ക്രമസമാധാന പ്രശ്നങ്ങളും ഏറെയായിരുന്നു. പൊലീസ്, എക്സൈസ്, വനം വകുപ്പ്, മറ്റ് സംഘടനകൾ എന്നിവർ ചേർന്ന് നടത്തിയ സംയുക്ത പരിശോധനയ്ക്കൊടുവിലാണ് ഇത് തുടച്ചുനീക്കാൻ സാധിച്ചത്. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം ചാരായ നിർമ്മാണം വ്യാപകമായത് ജനങ്ങൾക്കിടയിൽ കരിനിഴൽ വീഴ്ത്തുകയാണ്.