തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്‌സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഇ.സി. ബാബുകുട്ടിയുടെ (60) വേർപാടിൽ മന്ത്രി കെ.കെ.ശൈലജ അനുശോചിച്ചു. കൊവിഡിനെതിരായി മെഡിക്കൽ കോളേജിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഓർത്തോപീഡിക്‌സ് വിഭാഗം മേധാവിയായും ഡോക്ടറായുമുള്ള അദ്ദേഹത്തിന്റെ സേവനം മികച്ചതാണെന്നും മന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിൻെറ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി അനുശോചനം അറിയിച്ചത്.
വെള്ളിയാഴ്ചയായിരുന്നു ഡോക്ടറുടെ മരണം. എന്നാൽ കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരുന്ന ഡോക്ടറുടെ മരണത്തിൽ മന്ത്രിയുൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്താതെ മൗനം പാലിച്ചതിൽ ഡോക്ടർമാർക്കിടയിൽ അമർഷമുയർന്നു. വിവിധ സംഘടനകൾ ഇതിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.