നെടുമങ്ങാട് :പഴമയുടെ സ്മൃതിയുണർത്തുന്ന വഴിയമ്പലങ്ങൾ ന്യൂജെൻ കാലത്തെ കൗതുകക്കാഴ്ചയാവുന്നു. പ്രധാന പാതകളുടെ ഓരത്ത്,യാത്രക്കാർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയ വിശ്രമകേന്ദ്രങ്ങൾ പുതിയ കാഴ്ചയും അനുഭവവുമാണ്. എത്ര തിരക്കിട്ട യാത്രക്കിടയിലും ഒന്നിറങ്ങി വിശ്രമിച്ചു പോകാൻ തോന്നും. അത്രയും മനോഹരമായാണ് വഴിയമ്പലങ്ങളുടെ രൂപകല്പന. പ്രാദേശിക ടൂറിസം വികസനത്തിന് കൂടി ഉപകാരപ്രദമാവുന്ന വിധത്തിൽ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്താണ് വിശ്രമകേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. വിശ്രമത്തിനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും അപ്പുറം, വായനശാലകളും നാടൻകലാ പരിശീലന കേന്ദ്രങ്ങളും കൂടിയാണ് വഴിയമ്പലങ്ങൾ. കരകുളം,അരുവിക്കര, പാലോട്,കല്ലറ,പാറശാല,മുതലപ്പൊഴി,വർക്കല എന്നീ കേന്ദ്രങ്ങളിൽ വഴിയാത്രികരുടെ മനം കവർന്ന് വഴിയമ്പലങ്ങൾ പൂർത്തിയായിട്ടുണ്ട്. ചെങ്കോട്ട - തിരുവനന്തപുരം ഹൈവേയിൽ പാലോട് പൊലീസ് സ്റ്റേഷന് എതിർവശത്ത് നിർമ്മിച്ച വഴിയമ്പലം ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റി. ഉദ്യാനവത്കരണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയായാൽ ചിൽഡ്രൻസ് പാർക്ക് എന്ന പ്രദേശവാസികളുടെ ഏറെനാളത്തെ ആവശ്യത്തിനും പരിഹാരമാവും.വിശ്രമ കേന്ദ്രത്തിന് അനുബന്ധമായി ജില്ലാ പഞ്ചായത്ത് നിർമ്മിച്ച സിംഫണി ഗ്രന്ഥശാല മന്ദിരവും ആകർഷകമാണ്.ജില്ലയിലാകെ 18 ഇടത്ത് വഴിയമ്പലങ്ങൾ നിർമ്മിക്കുന്നുണ്ട്.
പരിശീലനത്തിന് സൗകര്യം
വഴിയമ്പലങ്ങളുടെ ഭാഗമായി കൂത്തമ്പലങ്ങൾ ഒരുക്കിയിട്ടുണ്ട്
പാരമ്പര്യ കലകളിലും നവീന വാദ്യോപകരണങ്ങളിലും പുതുതലമുറയ്ക്ക് പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യം
വിവിധ കലാരൂപങ്ങളോട് ആഭിമുഖ്യമുള്ളവരെ ഏകോപിപ്പിച്ച് കൂട്ടായ്മ സംഘടിപ്പിക്കുകയാണ് ആദ്യപടി തിരഞ്ഞെടുക്കപ്പെടുന്ന സാംസ്കാരിക സംഘടനകൾക്കും സ്കൂളുകൾക്കും ചെണ്ട,ശിങ്കാരിമേളം,ബാൻഡ്മേളം തുടങ്ങിയവയിൽ പരിശീലനം
ഗ്രന്ഥശാലകൾ മുഖേന ഗുണഭോക്തൃ ഗ്രൂപ്പുകൾ അംഗീകരിച്ച പ്രതിഭകൾക്കും കുട്ടികൾക്കും പരിശീലനം നൽകി.
ചുമടുതാങ്ങികളും വഴിയമ്പലങ്ങളും
പഴയ കാലത്ത് യാത്രികർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയിരുന്ന ചുമടുതാങ്ങികളും വഴിയമ്പലങ്ങളും യഥേഷ്ടമുള്ള പ്രദേശമാണ് നെടുമങ്ങാട്. ഉമയമ്മറാണിയുടെ ഭരണകാലത്ത് സ്ഥാപിച്ച ഇത്തരം വിശ്രമകേന്ദ്രങ്ങൾ അടുത്ത കാലംവരെ വഴിയാത്രക്കാർക്ക് ഉപകാരപ്രദമായിരുന്നു. ദാഹമകറ്റുന്നതിനും ചുമട് ഇറക്കി വയ്ക്കുന്നതിനും കന്നുകാലികൾക്ക് വെള്ളം നൽകുന്നതിനുമുള്ള ക്രമീകരണങ്ങളുണ്ടായിരുന്നു ഇവിടെ. കരകുളത്തും പഴകുറ്റിയിലും ആനാടും അരുവിക്കരയിലും ആദ്യകാല വഴിയമ്പലങ്ങളുടെ ശേഷിപ്പുകൾ ഇപ്പോഴും ബാക്കിയുണ്ട്. പ്രവൃത്തിയാർ എന്ന് വിളിപ്പേരുള്ള ഉദ്യോഗസ്ഥരാണ് വഴിയമ്പലങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത്. ജിർണാവസ്ഥയിലായ വഴിയമ്പലങ്ങൾ സംരക്ഷിക്കപ്പെടാതെയും കൈയേറ്റങ്ങൾക്ക് വിധേയമായും വീണ്ടെടുക്കപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ്.
"യാത്രയ്ക്കിടയിൽ പ്രാഥമികകൃത്യ നിർവഹണത്തിനും വിശ്രമത്തിനും സൗകര്യമില്ലാതെ ദുരിതം അനുഭവിക്കുന്നതിൽ ഏറെയും സാധാരണക്കാരാണ്. അവരെ മുന്നിൽക്കണ്ട്, പുതിയകാലത്തെ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് വഴിയമ്പലങ്ങൾ പൂർത്തിയാക്കിയിട്ടുള്ളത്."വി.കെ. മധു (കാലാവധി പൂർത്തിയാക്കിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)