തിരുവനന്തപുരം: നഗരസഭയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ കുടിവെള്ളം മുതൽ പാർപ്പിടം വരെ യാതൊരു വികസനവും കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. പൂജപ്പുരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി.വി. രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലസ്ഥാന ജില്ലയുടെ വികസനത്തെ സി.പി.എമ്മും കോൺഗ്രസും ഒരുമിച്ച് എതിർക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളം. തലസ്ഥാനത്ത് കഴിഞ്ഞ കാലങ്ങളിൽ എന്തെങ്കിലും വികസനം നടന്നോ എന്ന് പരിശോധിച്ചാൽ വോട്ടർമാർക്ക് തീരുമാനമെടുക്കാൻ താമസമുണ്ടാകില്ലെന്നും വി. മുരളീധരൻ പറഞ്ഞു. ബി.ജെ.പി ഏരിയാ പ്രസിഡന്റ് കെ. ശശികുമാർ, സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവ്, സ്ഥാനാർത്ഥി വി.വി. രാജേഷ്, മുൻ കൗൺസിലർ ഡോ. വിജയലക്ഷ്‌മി, ആർ.എസ്.എസ് വിഭാഗ് കാര്യകാരി സദസ്യൻ പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു. പൊന്നുമംഗലം വാർഡിലെ പ്രവർത്തക സംഗമവും കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്‌തു. ശാന്തിവിള വിനോദ് അദ്ധ്യക്ഷത വഹിച്ചു. നടൻ കൃഷ്‌ണകുമാർ, പൊന്നുമംഗലം വാർഡ് എൻ.ഡി.എ സ്ഥാനാർത്ഥി എം.ആർ. ഗോപൻ, നേതാക്കളായ സാബു കുമാർ, നേമം സജി, സതീഷ് കുമാർ, രാജേന്ദ്രൻ തുങ്ങിയവർ പങ്കെടുത്തു. തുരുത്തുംമൂല, നേമം, പൊന്നുമംഗലം വാർഡുകളിലെ പ്രവർത്തക സംഗമത്തിലും, ഹാർദിപുരം കോളനിയിലെയും, പൂജപ്പുര വാർഡിലെയും കുടുംബ സംഗമത്തിലും, ജഗതി, എസ്‌റ്റേറ്റ്, കരിക്കകം, കടകംപള്ളി, ആക്കുളം, അണമുഖം വാർഡ് കൺവെൻഷനുകളിലും അദ്ദേഹം പങ്കെടുത്തു.