തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്നവർക്ക് പനി, ജലദോഷം, ചുമ തുടങ്ങിയ കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പിച്ച ശേഷമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഡ്യൂട്ടിക്ക് നിയോഗിക്കുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും പരിശോധിക്കും. കളക്ടറേറ്റുകളിലും ജില്ലാ ഓഫീസുകളിലും ലക്ഷണങ്ങൾ പരിശോധിക്കാൻ സൗകര്യമൊരുക്കണം. ലക്ഷണമുള്ളവരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കണം. നെഗറ്റീവാണെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പിന്റെ പ്രത്യേക മാർഗനിർദ്ദേശത്തിൽ പറയുന്നു. പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും ആന്റിജൻ പരിശോധനക്ക് സൗകര്യമൊരുക്കണം. ക്വാറന്റൈനിലുള്ളവർ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിനുമുൻപ് കൊവിഡ് പരിശോധന നടത്തണം. സാമൂഹ്യ അകലം പാലിക്കുന്നതിലും മാസ്ക് ധരിക്കുന്നതിലും വീഴ്‌ച പാടില്ല. സാധന സാമഗ്രികൾ പരസ്‌പരം കൈമാറുമ്പോൾ കൈകൾ ശുചിയാക്കണമെന്നും നിർദ്ദേശമുണ്ട്.