തിരുവനന്തപുരം:ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തിൽ അനുശോചിച്ച് തിരുവനന്തപുരം ഫുട്ബാൾ ലൗവേഴ്സ് ഫോറം മാനവീയം വീഥിയിൽ നടത്തിയ അനുസ്മരണ യോഗത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മുൻ ഇന്ത്യൻ ഫുട്ബാൾ താരവും കേരള സന്തോഷ് ട്രോഫി ടീമിന്റെ കോച്ചുമായിരുന്ന വി.പി.ഷാജി തുടങ്ങിയവർ പങ്കെടുത്തു. ഇതിഹാസ താരത്തിന്റെ ചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചന നടത്തി. ഫുട്‌ബാൾ ഒരു മതമാവുകയും അതിന്റെ ദൈവവുമായി അവരോധിക്കപ്പെടുകയും ചെയ്ത മറ്റൊരു കായികതാരം ചരിത്രത്തിലില്ലെന്ന് എം.എ.ബേബി പറഞ്ഞു. കാണികളിൽ വൈകാരികമായ ഒരു ബന്ധം സൃഷ്ടിക്കാൻ മറഡോണയ്ക്ക് മാസ്മരികമായ പാടവമുണ്ട്. ഫുട്ബാളിനെ ലോകത്താകെ ജനകീയമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എല്ലാ കാലത്തും ഓർമ്മിക്കപ്പെടും. സാമ്രാജ്യത്വ ശക്തികൾക്ക് എതിരെയുള്ള ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായിരുന്നു മാറഡോണയെന്നും എം.എ. ബേബി പറഞ്ഞു. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഫുട്ബാൾ ആൻഡ് ബീച്ച് സോക്കർ ചെയർമാൻ വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.