തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ നടത്തിയ എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.63 ശതമാനം പേർ വിജയിച്ചു.നോർത്ത് പരവൂർ സഹകരണ പരിശീലന കോളേജിലെ നവീന.സി.എസ് ഒന്നാം റാങ്കും തിരുവനന്തപുരം സഹകരണ പരിശീലന കോളേജിലെ ദൃശ്യാ ചന്ദ്രൻ.എസ് രണ്ടാം റാങ്കും പാല സഹകരണ പരിശീലന കോളേജിലെ ഡോണ ബിജു മൂന്നാം റാങ്കും നേടി. പരീക്ഷാഫലം www.scu.kerala.gov.in ൽ.
സ്പോട്ട് അഡ്മിഷൻ
നെടുമങ്ങാട്: ഗവ.ലാ കോളേജിൽ 10 ശതമാനം അധിക സീറ്റ് ലഭിച്ചത് പ്രകാരം ത്രിവത്സര എൽ എൽ.ബിയിൽ എസ്.എം -ആറ്, ഇ ഇസഡ്- ഒന്ന്, പഞ്ചവത്സര എൽ എൽ.ബിയിൽ എസ്.എം -ഒമ്പത്, ഇ. ഇസഡ്- ഒന്ന്, എം. യു -ഒന്ന്, എസ്. സി -ഒന്ന്, എൽ.എ- ഒന്ന്, എസ്.ടി- ഒന്ന് ഒഴിവുകളിലേക്ക് 30ന് പകൽ 11ന് കോളേജിൽ സ്പോട്ട് അഡ്മിഷൻ നടക്കും. എൻട്രൻസ് കമ്മിഷണറുടെ റാങ്ക് ലിസ്റ്റിൽ പേരുള്ളവർ രേഖകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
സാങ്കേതിക സർവകലാശാല: ഏഴാം സെമസ്റ്റർ സപ്ലിമെന്ററി ഫലം
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഏഴാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം വെബ്സൈറ്റിലും പോർട്ടലിലും ലഭ്യമാണ്.
വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പുകൾ എടുക്കാനുള്ള അപേക്ഷകൾ, നിശ്ചിത ഫീസിനോടൊപ്പം ഓൺലൈൻ ആയി നേരിട്ടോ കോളേജുകൾ മുഖാന്തരമോ ഡിസംബർ 7 വരെ സമർപ്പിക്കാം.
പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ നിശ്ചിത ഫീസിനോടൊപ്പം ഓൺലൈൻ ആയി നേരിട്ടോ കോളേജുകൾ മുഖാന്തിരമോ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18. ഉത്തരക്കടലാസിന്റെ പകർപ്പുകൾക്കുള്ള ഫീസ് 500 രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 600 രൂപയുമാണ്. കൂടുതൽവിവരങ്ങൾക്ക് www.ktu.edu.in.
സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്
തിരുവനന്തപുരം: കിറ്റ്സ് നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് 18 നും 40 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് ആണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ രണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org.