തിരുവനന്തപുരം: വാർഡിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളിൽ ചിലരുടെ ഫോണിലേക്ക് നേതാവിന്റെ ഫോൺ കാൾ എത്തി. ' ഇന്ന് ഏതു ഭാഗത്തുള്ള വീടുകളിലാണ് വർക്കിനിറങ്ങുന്നത്? ഞാനും വരാം... വോട്ടുപിടിത്തം ഉഷാറാക്കണം.' ഇങ്ങനെയാണ് നേതാവ് പറയുന്നത്. ഇതുകേട്ട് സ്ഥാനാർത്ഥികൾ തന്നെ ഞെട്ടിയെന്നാണ് കേൾക്കുന്നത്. കാരണം മറ്രൊന്നുമല്ല. ഈ നേതാവ് മത്സരിക്കുമ്പോൾ പോലും വീടുവീടാന്തരം കയറിയിറങ്ങി വോട്ടുതേടാറില്ല. അല്ലാതെതന്നെ ജയിക്കുമെന്ന ആത്മവിശ്വാസമാണ് പ്രധാന കാരണം. ഇപ്പോൾ കൊവിഡ് കാലമായിട്ടുപോലും വോട്ടുതേടാൻ വരാമെന്നു പറയുന്നു. സംഗതിയുടെ ഗുട്ടൻസ് മറ്റൊന്നുമല്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ ലക്ഷ്യം. ഇതേ നിയമസഭാ മണ്ഡലത്തിൽ നിന്നും നേരത്തെ ജയിച്ചിരുന്ന നേതാവ് ഇപ്പോൾ വടക്കുള്ള മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. അവിടെ പാർട്ടിക്കുള്ളിൽ കലിപ്പാണെന്നും പറഞ്ഞ് രണ്ട് ദിവസം മുമ്പ് നേതാവ് ഇങ്ങുപോന്നു. ശേഷം ഇവിടത്തെ വാർഡ് സ്ഥാനാർത്ഥികൾക്കൊപ്പം വീടുകൾ കയറിയിറങ്ങി വോട്ടുപിടിത്തം തുടങ്ങി. ഈ പ്രകടനം അദ്ദേഹത്തിന് അടുത്ത തിരഞ്ഞെടുപ്പിൽ ഇവിടെ മത്സരിക്കാനുള്ള തന്ത്രമെന്ന് പൊതുവെ വിലയിരുത്തപ്പെടുകയും ചെയ്‌തു. അതോടെയാണ് ' മടിയനായ ' നേതാവ് ഉണർന്നത്. ഇനിയും മടിപിടിച്ചിരുന്നാൽ സീറ്ര് വടക്കുള്ള ജനപ്രതിനിധി കൊണ്ടുപോകുമെന്നാണ് പേടി. വടക്കുള്ള ജനപ്രതിനിധിയെ പാർട്ടി നേതൃത്വം അനുനയിപ്പിച്ച് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തന്നെ പ്രചാരണത്തിന് അയച്ചിരിക്കുകയാണ് ഇപ്പോൾ. ഈ അവസരം മുതലാക്കാനാണ് ഇവിടെയുള്ള നേതാവിന്റെ കൊണ്ടുപിടിച്ച ശ്രമം. ആള് ജനകീയനും സൗമ്യനുമാണ്... പക്ഷേ, ഇപ്പോൾ മറ്റേ നേതാവിനോട് കൂറുള്ള ചില പ്രാദേശിക നേതാക്കൾ ഈ നേതാവിനെ നൈസായി ഒഴിവാക്കിയാണ് പ്രചാരണം നടത്തുന്നതെന്നും കേൾക്കുന്നു.