തിരുവനന്തപുരം:സോളാർ സംഭവത്തിലെ പുതിയ വെളിപ്പെടുത്തലിൽ നിലപാടെടുക്കുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സോളാർ വീണ്ടും ചർച്ചയാക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. പുതിയ വെളിപ്പെടുത്തലിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും, ഇതിനോട് കോൺഗ്രസിലെ മറ്റൊരു നേതാവും പ്രതികരിച്ചില്ല.
സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാർ ഇടപെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്നാണ് ഗണേഷ് കുമാറിന്റെ ബന്ധുവും കേരളകോൺഗ്രസ് ബി. നേതാവുമായ ശരണ്യ മനോജെന്ന മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ. തണുത്താറിയ സംഭവം വീണ്ടും ഉയർത്തുന്നത് യു.ഡി.ഫിന് ഗുണകരമാവില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം. ഉമ്മൻചാണ്ടിയും ഇതേ പക്ഷക്കാരനാണ്. ഇനി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ,സത്യം എന്തായിരുന്നുവെന്ന് എല്ലാവർക്കും ബോധ്യമായിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.. ഇൗ സഹചര്യത്തിൽ കെ.പി.സി. സി ഇനി എന്ത് നിലപാടെടുക്കുമെന്നാണ് അറിയാനുള്ളത്. സോളാർ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി വീണ്ടുമെടുക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസി നടത്തുന്നത്.കോൺഗ്രസ് ഇക്കാര്യത്തിൽ എന്ത് നിലപാടെടുത്താലും യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികൾ പിന്തുണയ്ക്കും.
അതേ സമയം, പിതൃതുല്യനെന്ന് വിശേഷിപ്പിച്ച ഉമ്മൻ ചാണ്ടിക്കെതിരെ പോലും വ്യാജ മൊഴി കൊടുക്കാൻ ഇരയെ നിർബന്ധിക്കുകയും, അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി എന്തിനും തയ്യാറാവുകയും ചെയ്യുന്ന രാഷ്ട്രീയ നരാധമന്മാർ ജനാധിപത്യത്തിന് കളങ്കമാണെന്ന് ആർ.എസ്.പി. നേതാവ് ഷിബു ബേബിജോൺ പറഞ്ഞു. പരാതിക്കാരിയുടെ യഥാർത്ഥ കത്ത് ശരണ്യ മനോജിന്റെ പക്കലാണെന്ന് ബാലകൃഷ്ണപിള്ള മുമ്പ് വെളിപ്പെടുത്തിയിരുന്നതിനാൽ, ഇക്കാര്യത്തിൽ ശരണ്യ മനോജിനെ അവിശ്വസിക്കേണ്ടതില്ലെന്നും ഷിബു പറഞ്ഞു.