പാറശാല: ബൈബിൾ ഫെയ്ത്ത് മിഷൻ ഇന്ത്യ സഭയുടെ അഞ്ചാമത്തെ ഔദ്യോഗിക ഭരണ അദ്ധ്യക്ഷനായി ബിഷപ്പ് സെൽവദാസ് പ്രമോദ് അഭിഷിപ്തനായി. പരശുവയ്ക്കൽ മൗണ്ട് സീനായ് സഭാസ്ഥാനത്തെ മോസസ് മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് ഡോ. മോസസ് സ്വാമിദാസ് മുഖ്യകാർമ്മികത്വം വഹിച്ചു. ഇവാഞ്ചിലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ. സാം യേശുദാസ്,സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, സോൾ വിന്നിംഗ് ചർച്ച് ബിഷപ്പ് ഡോ.ആസ്റ്റിൻ പോൾ എന്നിവർ സഹകാർമ്മികരായി. ബി.എഫ്.എം ഇന്ത്യ ചെയർമാൻ നെൽസൺ, സെക്രട്ടറി റോയ്‌സ്റ്റർ രാജൻ, സഭാട്രസ്റ്റി ഫാ. ജീവൻ ജേക്കബ്, ഫാ.ജസ്റിൻരാജ്, ബ്രദർ സ്റ്റാൻലി ജോൺ എന്നിവർ പങ്കെടുത്തു.
ബിഷപ്പ് സെൽവദാസ് പ്രമോദ് ബൈബിൾ ഫെയ്ത്ത് മിഷൻ ഓഫ് ഇന്ത്യയുടെ ഒഡീസ, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രവർത്തന ചുമതല വഹിച്ച് വരികയായിരുന്നു.നാഗർകോവിൽ കൺകോർഡിയ സെമിനാരി, കണ്ണമ്മൂല കേരള ഐക്യ വൈദീക സെമിനാരി എന്നിവിടങ്ങളിൽ വൈദിക പഠനവും, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ സീനിയർ ഗവേഷകനായുള്ള പഠനത്തിനിടെയാണ് പുതിയ ചുമതല. സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്മെന്റ്(എം.സി.എം) കേരള വൈസ് ചെയർപേഴ്‌സൺ, തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് അലൂമിനി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 45 വർഷം ബൈബിൾ ഫെയ്ത്ത് മിഷൻ സഭയെ നയിച്ച ആർച്ച് ബിഷപ്പ് ഡോ. മോസസ് സ്വാമിദാസിനെ സഭാ ജനറൽ കൗൺസിൽ ആദരിച്ചു.