വെഞ്ഞാറമൂട്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഭക്ഷണ ശാലകളുടെ പ്രവർത്തനം ഏറെക്കുറെ പഴയ പടിയായത് കൊവിഡ് വ്യാപന ആശങ്ക ഉയർത്തുന്നു. രാത്രികാല തട്ടുകടകളിലടക്കം സാമൂഹിക അകലം പാലിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണതോതിൽ ഫലവത്താകുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ ഹോട്ടലിനെ ആശ്രയിക്കുന്ന പാർട്ടി അണികളുടെയും പ്രവർത്തകരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിൽ ജനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. മിക്ക ഹോട്ടലുകളിലും പാചകവും സപ്ലൈയും കൈകാര്യം ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. അന്യനാട്ടിൽ നിന്ന് എത്തുന്ന തൊഴിലാളികൾക്ക് ക്വാറന്റൈൻ നിർബന്ധമാണ്. നിരീക്ഷണ കാലാവധിക്കും ടെസ്റ്റിനും ശേഷം മാത്രമേ ഇവരെ ജോലിയിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ. തട്ടുകട മുതൽ ആഡംബര ഹോട്ടലുകൾ വരെ സമാനമാണ് സ്ഥിതി. പ്രചാരണ കാലത്ത് കൃത്യ സമയത്ത് വീട്ടിലെത്തി ഭക്ഷണം കഴിക്കുക എന്നത് നടപ്പുള്ള കാര്യമല്ല. ഹോട്ടൽ തന്നെയാണ് ആശ്രയം.
പ്രവർത്തന സമയം കുറച്ചിട്ടും
നിലവിൽ രാത്രി ഒമ്പത് മണിവരെയാണ് ഹോട്ടലുകൾക്ക് പ്രവർത്തനാനുമതിയുള്ളത്. തട്ടുകടകൾക്ക് സമീപം നിന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. പാഴ്സൽ വാങ്ങി പോകണം എന്നാണ് ചട്ടം. എന്നാൽ ജില്ലയിലെ ചില തട്ടു കടകളിൽ രാത്രികാലങ്ങളിൽ വഴിയോരത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കുന്നതായി പരാതിയുണ്ട്.
ഗ്ലൗസുമില്ല
ഹോട്ടലുകളിലെ ജീവനക്കാർ ശുചിത്വത്തിന്റെ ഭാഗമായി മാസ്കും ഗ്ലൗസും ധരിക്കേണ്ടതാണ്. എന്നാൽ പല കടകളിലും സ്ഥിതി വ്യത്യസ്തമാണ്. മാസ്ക് നിർബന്ധമായതിനാൽ അവ ധരിക്കും. എന്നാൽ എല്ലാ ഉപഭോക്താക്കളോടും ഇടപഴകുന്ന കൈകളിൽ പലപ്പോഴും ഗ്ലൗസ് ധരിക്കാറില്ലെന്ന് പരാതിയുണ്ട്.