കുറ്റ്യാടി: 'റേഷനും കിറ്റും കിട്ടുന്നതു കൊണ്ട് പട്ടിണിയില്ല. രോഗം വന്നാൽ ആശുപത്രിയിൽ മരുന്നും കിട്ടും. പക്ഷെ, ഇങ്ങനെ ജീവിതം തള്ളി നീക്കിയാൽ മതിയോ' മൺപാത്ര നിർമ്മാണവും വിൽപ്പനയും ഉപജീവന മാർഗ്ഗമായി സ്വീകരിച്ച കക്കട്ടിൽ കല്ലുപുരക്കൽ കോളനിയിലെ നാരായണിയുടെ വാക്കുകളാണ്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവും വില വർദ്ധനവും മൺപാത്ര നിർമ്മാണ തൊഴിൽ മേഖലയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.
ഈ സമയത്താണ് കൊവിഡ് മഹാമാരിയും നാടിന്റെ ജീവിതതാളം തെറ്റിച്ചത്. തലച്ചുമടായി നാട്ടിൻ പുറങ്ങളിലും കടകളിലും വിൽപ്പന നടത്തിയായിരുന്നു കല്ലുപുരയ്ക്കൽ കോളനിയിലുള്ളവർ കഴിഞ്ഞിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും കൊവിഡ് ഭയവും വിൽപ്പനയ്ക്ക് തടസമായി. ഇതോടെ ജീവിതവും ദുരിതത്തിലായി. അതിജീവനത്തിനായി കോളനിയിലെ ആളുകൾ പ്രധാനപ്പെട്ട ടൗണിനോട് ചേർന്ന റോഡിന്റെ പാർശ്വഭാഗങ്ങളിലിരുന്ന് വിൽപ്പന നടത്തുകയാണ്.
ചില ദിവസങ്ങളിൽ നല്ല വിൽപ്പന നടക്കും. ചില ദിവസങ്ങളിൽ കഷ്ടമാണ് കാര്യമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ പാരമ്പര്യ കുലത്തൊഴിലുകളെല്ലാം അന്യം നിന്നുപോകുന്ന കാലത്ത് പരമ്പര്യവും ആധുനികതയും ഇഴചേർത്തുള്ള പരീക്ഷണത്തിലാണിവർ. കുടിൽ വ്യവസായമായി കുറഞ്ഞ കൂലിയും വിപണി സാദ്ധ്യതകൾ കണ്ടെത്താനും കഴിയാത്ത അവസ്ഥയിലാണ് കൊവിഡ് കാലത്തിവർ.