sinan

മുക്കം: സ്ഥാനാർത്ഥിയെ പരിചയമില്ല. നേരിൽ കണ്ടിട്ടുമില്ല. അദ്ദേഹം ഏതു പാർട്ടിയാണെന്ന് പോലും അറിയില്ല. പക്ഷെ, പോസ്റ്ററിൽ പടം കണ്ടപ്പോൾ വല്ലാതെ ഇഷ്ടപെട്ടു. പിന്നെ പന്നിക്കോട് പൊലുകുന്നത്ത് മുഹമ്മദ് സിനാൻ എന്ന ഏഴു വയസുകാരന് മറ്റൊന്നും ആലോചിക്കാനും ഉണ്ടായിരുന്നില്ല. ആ സ്ഥാനാർത്ഥിയുടെ പോസ്റ്ററും പിടിച്ച് അദ്ദേഹത്തിന് വോട്ട് അഭ്യർത്ഥിച്ച് പ്രചരണം നടത്തുകയാണ് ഈ കുട്ടി. കൊടിയത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. ഹാരിസിനാണ് രണ്ടാം ക്ലാസുകാരനായ മുഹമ്മദ് സിനാൻ വോട്ടഭ്യർത്ഥിക്കുന്നത്. 'പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങൾ നമ്മുടെ ഹാരിസ് കാക്കയെ വിജയിപ്പിക്കണം' എന്ന അഭ്യർത്ഥനയുമായി ഹാരിസിന്റെ പോസ്റ്റർ പിടിച്ച് സിനാൻ പ്രചരണം നടത്തുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സിനാൻ താരമായി. ഓട്ടോറിക്ഷ ചിഹ്നത്തിൽ എല്ലാവരും വോട്ടു ചെയ്യണമെന്നും എല്ലാ സഹായങ്ങളും ചെയ്യണമെന്നും അഭ്യർത്ഥിക്കുന്ന ഈ ബാലന തേടി പാർട്ടിക്കാരുടെ അഭിനന്ദനപ്രവാഹമാണ്. സ്ഥാനാർത്ഥി ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചപ്പോൾ സിനാൻ ആഹ്ലാദത്തിലാണ്. സിനാന്റെ മാതൃസഹോദരി പുത്രൻ അഞ്ചു വയസുകാരൻ ഷിഫാനും കൂട്ടിനുണ്ട്.