photo

പാലോട്: ജനവാസ മേഖലകളിലും വനത്തിലും കോഴി മാലിന്യങ്ങളും അറവ്, ഹോട്ടൽ മാലിന്യങ്ങളും തള്ളുന്നതിനാൽ ജനജീവിതം ദുഃസഹമായി. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത അറവുശാലകൾക്കും ഹോട്ടലുകൾക്കുമെതിരെ യാതൊരു നടപടിയുമെടുക്കാതെ അധികൃതർ മൗനം പാലിക്കുകയാണ്. രാത്രികാലങ്ങളിലാണ് മാലിന്യം വാഹനങ്ങളിൽ കൊണ്ടു തള്ളുന്നത്. പാലോട് മൈലമൂട് റൂട്ടിലും നന്ദിയോട് ചെറ്റച്ചൽ റൂട്ടിലും കാലൻ കാവ് തൊളിക്കോട് റൂട്ടിലുമാണ് ഇത്തരത്തിൽ മാലിന്യം തള്ളുന്നത്. മാലിന്യം അഴുകി ദുർഗന്ധം വമിക്കുമ്പോൾ ഭക്ഷിക്കാൻ എത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേൽക്കുന്നത്. പാണ്ഡിയൻപാറ, കാലൻകാവ് നവോദയ സ്കൂൾ, നാഗര, കുറുപുഴ, താന്നിമൂട് എന്നിവിടങ്ങളിലാണ് മാലിന്യ നിക്ഷേപം രൂക്ഷം. ഒരാഴ്ച് മുൻപ് കരിമ്പൻകാല വനമേഖലയിൽ മാലിന്യം നിക്ഷേപിക്കാനെത്തിയവരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസ്, വനം വകുപ്പ് അധികൃതർക്ക് കൈമാറിയെങ്കിലും ആദ്യം വനപാലകർ ഇവർക്കെതിരെ കേസെടുക്കാൻ തയ്യാറായില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കേസെടുത്തതും പ്രതികളെയും മാലിന്യം കൊണ്ടുവന്ന വാഹനങ്ങളും കസ്റ്റഡിയിലെടുത്തതും.