dream-catcher

സ്വപ്നങ്ങൾ കണ്ട് ഭയപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ഇത്തരം ഭയപ്പെടുത്തുന്ന സ്വപ്നങ്ങളെ തടഞ്ഞു നിറുത്തി നല്ല സ്വപ്നങ്ങളെ ഉപയോഗിക്കുന്ന ആളിലേക്ക് എത്തിക്കാൻ കഴിവുള്ളതെന്ന് അമേരിക്കൻ ഗോത്ര സമൂഹങ്ങൾ വിശ്വസിക്കുന്ന വസ്തുവാണ് ഡ്രീം ക്യാച്ചറുകൾ. അമേരിക്കയിലെ ഗോത്ര സമൂഹമായ 'ഒജിബ്വേ ചിപ്പേവ" എന്ന വിഭാഗങ്ങളാണ് ആദ്യമായി ഡ്രീം ക്യാച്ചറുകൾ ഉപയോഗിച്ചതെന്നാണ് വിലയിരുത്തലുകൾ. ഇന്ന് അലങ്കാരത്തിനായി വീടുകളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഡ്രീം ക്യാച്ചറുകൾക്ക് ഒരു ഗോത്ര സമൂഹത്തിന്റെ സംസ്കാരത്തോളം പഴമയാണുള്ളത്. പലതരത്തിലുള്ള വർണനൂലുകളും പല പക്ഷികളുടെയും മറ്റും വർണത്തൂവലുകളും തടിയിലോ ലോഹത്തിലോ നിർമ്മിച്ച വളയവുമൊക്കെ ചേരുന്നതാണ് ഡ്രീം ക്യാച്ചറുകൾ. ഇവയെല്ലാം ഇവയ്ക്ക് ഭംഗി നൽകുന്നുണ്ടെങ്കിലും സ്വപ്നത്തിന്റെ കാര്യത്തിൽ ഒരോ വസ്തുക്കൾക്കും വ്യത്യസ്തങ്ങളായ ദൗത്യങ്ങളാണുള്ളത്. വൃത്താകൃതിയിലുള്ള ചട്ടക്കൂടിനുള്ളിൽ വർണനൂലുകൾ കൊണ്ട് വല പോലെ കെട്ടിയുണ്ടാക്കി തൂവലുകൾ കൊണ്ട് അലങ്കരിച്ചതാണ് ഡ്രീം ക്യാച്ചറുകളുടെ സാമാന്യരൂപം. നല്ല സ്വപ്നങ്ങളെ ഡ്രീം ക്യാച്ചർ വൃത്താകൃതിയിലുള്ള വസ്തുവിൽ നൂലുകളോ നാരുകളോ കൊണ്ട് മെടഞ്ഞതിനിടയിലുടെ കടത്തിവിടും. അത് ഡ്രീം ക്യാച്ചറിലെ വർണത്തൂവലുകൾ വഴി ഇതിന് താഴെ ഉറങ്ങിക്കിടക്കുന്നവരിൽ എത്തും എന്നാണ് വിശ്വാസം. എന്നാൽ, ദുഃസ്വപ്നങ്ങളുടെ കാര്യത്തിൽ ഡ്രീം ക്യാച്ചറുകൾ വിട്ടുവീഴ്ച ചെയ്യാറില്ലത്രേ... നൂലിഴകൾക്കുള്ളിലൂടെ കടന്ന് വരുന്ന ദുസ്വപ്നങ്ങൾ അതിൽ കുടുങ്ങുകയും അടുത്ത ദിവസത്തെ ആദ്യ സൂര്യ രശ്മി പതിക്കുന്ന മാത്രയിൽ നശിച്ചുപോകുമെന്നാണ് അമേരിക്കൻ ജനത ഇന്നും വിശ്വസിക്കുന്നത്.