vaccine

കൊവിഡിനെതിരായ പ്രതിരോധ വാക്സിൻ എത്തുന്നതും പ്രതീക്ഷിച്ചാണ് ലോകം കഴിയുന്നത്. വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വാക്സിൻ ഗവേഷണം അന്തിമ ഘട്ടത്തിലാണെന്ന വാർത്ത ആഹ്ളാദിപ്പിക്കുന്നതാണ്. കൊവിഡ് കേസുകളിൽ മുൻനിരയിൽ നിൽക്കുന്ന ഇന്ത്യയിലും വാക്സിൻ പരീക്ഷണം വിവിധ ഘട്ടങ്ങളിലാണ്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ഗവേഷണ ശാലകളിൽ നേരിട്ടെത്തി പുരോഗതി വിലയിരുത്തുകയുണ്ടായി. സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരോട് അദ്ദേഹം വിവരങ്ങൾ ആരായുകയും സർക്കാരിന്റെ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഗവേഷകരിൽ ആത്മവീര്യം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം വളരെ ഉപകരിച്ചു. അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളിൽ നടന്നുവരുന്ന പരീക്ഷണങ്ങൾ ഫലപ്രാപ്തിയോടടുത്തു കൊണ്ടിരിക്കുകയാണ്. രണ്ടു ഘട്ടങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. മൂന്നാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയാൽ പ്രതിരോധ കുത്തിവയ്പ് ആരംഭിക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഇതുവരെയുള്ള അനുഭവങ്ങൾ വാക്സിന്റെ സുരക്ഷിതത്വം ഉറപ്പുതരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷണാർത്ഥം കുത്തിവയ്പെടുത്ത ഒരാൾക്ക് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായി എന്ന് ഇതിനിടെ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ വാക്സിൻ നിർമ്മിതിയിൽ ഏറെ പെരുമയുള്ള പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് അതു പാടേ നിഷേധിച്ചിട്ടുണ്ട്. പ്രതിരോധ വാക്സിൻ വൻതോതിൽ വിപണിയിലെത്തുന്ന ഘട്ടത്തിലും ഇതുപോലുള്ള കിംവദന്തികളും നുണപ്രചാരണങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യതയുടെ മുന്നോടിയായി വേണം ഇതിനെ കാണാൻ. അതുകൊണ്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകളും ആരോഗ്യ വിദഗ്ദ്ധരും ഇപ്പോഴേ വേണ്ട മുൻകരുതലെടുക്കുന്നത് ആവശ്യമാണ്. രാജ്യചരിത്രത്തിൽത്തന്നെ ഇത്രയും ബൃഹത്തായ ഒരു പ്രതിരോധ കുത്തിവയ്പ് ആദ്യമായിട്ടാകും നടപ്പാക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ അതിവിപുലമായ തയ്യാറെടുപ്പുകളും മുൻകരുതലുകളും ആവശ്യമായി വരും. ഇപ്പോഴേ അതിനുള്ള പശ്ചാത്തല സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഉത്പാദന സ്ഥാപനങ്ങളിൽ നിന്ന് പൂർണ സുരക്ഷിതത്വത്തോടെ വാക്സിൻ എത്തിക്കുന്നതു മുതൽ കേടുകൂടാതെ അവ സൂക്ഷിച്ച് ഉപയോഗിക്കുന്ന ഘട്ടം വരെ കർക്കശമായ കരുതൽ ആവശ്യമാണ്. വാക്സിൻ സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനം ഒരുക്കുകയെന്നത് അദ്ധ്വാനവും ചെലവുമുള്ള കാര്യമാണ്. പ്രധാനമന്ത്രി മൂന്നു ദിവസം മുൻപ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നു.

ആദ്യഘട്ടത്തിൽ മുപ്പതു കോടി പേർക്കെങ്കിലും പ്രതിരോധ കുത്തിവയ്പ് നടത്താനുള്ള ഒരുക്കമാണ് കേന്ദ്രം നടത്തുന്നത്. ഏറ്റവും ആദ്യം വേണ്ടവരെ തരം തിരിച്ചാകും കുത്തിവയ്പ് യജ്ഞം ആരംഭിക്കുക. ആരോഗ്യപ്രവർത്തകർ, പൊലീസ് സേനാംഗങ്ങൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവരെയാകും ആദ്യ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുക എന്നാണു സൂചന. 135 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് ഒറ്റയടിക്കു കുത്തിവയ്പ് പൂർത്തിയാക്കാനാവില്ല. നിരവധി മാസങ്ങൾ തന്നെ അതിനായി വേണ്ടിവരും. കുത്തിവയ്പ് ആവശ്യമില്ലാത്തവരും ഉണ്ടാകും. വിഭാഗം തിരിച്ച് പട്ടിക തയ്യാറാക്കി വേണം പ്രതിരോധ കുത്തിവയ്പ് പ്രവർത്തനങ്ങൾ തുടങ്ങാൻ. സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടും ശുഷ്കാന്തിയോടും കൂടി പ്രവർത്തിച്ചാലേ ഇതൊക്കെ സാദ്ധ്യമാവൂ.

വാക്സിൻ ഗവേഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രം കഴിഞ്ഞ ദിവസം 900 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. കുത്തിവയ്പ് ഘട്ടം തുടങ്ങുന്നതിനനുസരിച്ച് സംസ്ഥാനങ്ങൾക്ക് വലിയ തോതിൽ സഹായം വേണ്ടിവരും. വാക്സിൻ കേന്ദ്രം സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകുമോ എന്നു വ്യക്തമായിട്ടില്ല. ഒരു ഡോസിനു ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെ വിലയാകും എന്നാണ് സൂചന. ഒരാൾക്ക് രണ്ട് ഡോസ് ആവശ്യമായി വരും. ഖജനാവിനെ വളരെധികം സമ്മർദ്ദത്തിലാക്കുന്നതാകും കൊവിഡ് പ്രതിരോധയജ്ഞം. ഇതുപോലൊരു മഹാമാരിയെ നേരിടാനും അതിജീവിക്കാനും ഇതല്ലാതെ വഴിയൊന്നുമില്ല. ജനങ്ങളുടെ ജീവനാണല്ലോ പ്രധാനം.

സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ മെഡിക്കൽ സംവിധാനങ്ങൾ കൂടി പ്രവർത്തിച്ചാലേ പ്രതിരോധ കുത്തിവയ്പ് വിജയകരമായി പൂർത്തിയാക്കാനാവുകയുള്ളൂ. അതിനുള്ള ആലോചനകൾ ഇപ്പോഴേ തുടങ്ങാവുന്നതാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ പൂർണ വിജയം നേടാൻ ഇന്ത്യയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. തീവ്രത കുറയ്ക്കാനായി എന്നേയുള്ളൂ. 94 ലക്ഷത്തിലധികമാണ് കൊവിഡ് രോഗികൾ. പ്രതിദിനം അരലക്ഷത്തോടടുത്ത് രോഗികൾ കൂടിക്കൊണ്ടേയിരിക്കുന്നു. കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 1.38 ലക്ഷത്തിൽപ്പരം പേർ കൊവിഡ് മൂലം മരണപ്പെട്ടതായാണു കണക്ക്. നിയന്ത്രണങ്ങളിൽ വന്ന ഇളവുകളും മഹാമാരിയുടെ തുടക്കത്തിൽ ജനങ്ങൾ സ്വയം കൈക്കൊണ്ട പ്രതിരോധ നടപടികളിൽ വന്ന വീഴ്ചയുമൊക്കെയാണ് കൊവിഡ് വ്യാപനം വെല്ലുവിളിയായിത്തന്നെ നിലനിൽക്കാനുള്ള കാരണങ്ങൾ. മഹാവ്യാധിയോടുള്ള ജനങ്ങളുടെ മനോഭാവത്തിലും കാണാം വലിയ മാറ്റം. രോഗം പിടിപെട്ടാലും അത്രയ്ക്കിത്ര എന്ന ചിന്തയും ജനങ്ങൾക്കിടയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അപകടകരമായ ഈ ചിന്തയാണ് പ്രതിരോധ നടപടികളെ നിഷ്‌പ്രഭമാക്കുന്നതെന്നു പറയാം. പൊലീസ് നടപടി ഭയന്ന് മാസ്ക് ധരിക്കുമെങ്കിലും മറ്റു നിയന്ത്രണങ്ങൾ അവഗണിക്കുകയാണു പതിവ്. ഇത് എത്രമാത്രം അപകടമാണെന്ന് അമേരിക്ക കാട്ടിത്തരുന്നുണ്ട്. ഇപ്പോഴും അവിടെ പ്രതിദിന രോഗികളാകുന്നവരുടെ സംഖ്യ രണ്ടുലക്ഷത്തിലധികമാണ്. കൊവിഡിനെ നിസാരമായി കണ്ട് മുന്നോട്ടുപോയ പ്രസിഡന്റ് ട്രംപിന് അധികാരം തന്നെ നഷ്ടമായി. അദ്ദേഹത്തിന്റെ ധാർഷ്ട്യത്തിനും അഹന്തയ്ക്കും ആ നാട്ടുകാരും ഇപ്പോൾ ശിക്ഷ അനുഭവിക്കുകയാണ്.