oommen-chandy41

തിരുവനന്തപുരം: സോളാർ വിവാദത്തിൽ ഇനിയും രണ്ട് ശതമാനംകൂടി പുറത്ത് വരാനുണ്ടെന്നും ,അതുടൻ വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.വേട്ടയാടപ്പെട്ടപ്പോഴും ഇന്നല്ലെങ്കിൽ നാളെ എല്ലാ സത്യങ്ങളും പുറത്ത് വരുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നുവെന്നും കേസരി ഹാളിൽ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ആക്ഷേപം വരുമ്പോൾ സ്വാഭാവികമായുണ്ടാകാവുന്ന വിഷമമല്ലാതെ ,സാധാരണയിൽ കവിഞ്ഞ ആകാംക്ഷ തനിക്കില്ലായിരുന്നു. തെറ്റ് ചെയ്തില്ലെങ്കിൽ ദോഷവുമുണ്ടാകില്ലെന്ന വിശ്വാസമായിരുന്നു.

സോളാർ കേസിൽ ഇരയുടെ മൊഴിയിൽ തനിക്കെതിരെ ഗണേശ് കുമാറിന്റെ സമ്മർദ്ദത്താൽ പലതും കൂട്ടിച്ചേർത്തെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിനെപ്പറ്റി പുതിയ അന്വേഷണം വേണോയെന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ല. ഒരന്വേഷണം നടത്തിയതിന്റെ ഫലം എല്ലാവരും കണ്ടു. സർക്കാരിന്റെ കുറേ പണം പോയെന്നല്ലാതെ മറ്റൊന്നുമുണ്ടായില്ല.സോളാർ കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണൻ എറണാകുളം ഗസ്റ്റ് ഹൗസിൽ തന്നോട് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല. മറ്റുള്ളവർക്ക് വിഷമകരമാകുന്നതൊന്നും പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ല. സോളാർ വിവാദത്തിൽ തന്റെ പാർട്ടിയിൽപ്പെട്ടവർ തനിക്കെതിരെ പ്രവർത്തിക്കില്ലെന്ന് വിശ്വസിക്കാനാണിഷ്ടം.

ബാർ കോഴയായാലും സോളാർ വിവാദമായാലും സത്യമെപ്പോഴും സത്യമായി തന്നെ നിൽക്കും. ചർച്ച ചെയ്യുമ്പോഴാണ് ഓരോന്ന് പുറത്ത് വരിക. അതാണ് സോളാർ വിഷയത്തിൽ ഇപ്പോൾ സംഭവിച്ചത്. ജോസ് കെ.മാണി പുറത്ത് പോയെങ്കിലും, ബാർ കോഴക്കേസിൽ കെ.എം. മാണി നിരപരാധിയാണെന്ന യു.ഡി.എഫിന്റെ നിലപാടിൽ മാറ്റമില്ല. യു.ഡി.എഫ് ഭരണകാലത്ത് നടന്ന വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലിനപ്പുറം പുതുതായെന്തെങ്കിലും കണ്ടെത്താൻ ഇടതുസർക്കാരിന്റെ അന്വേഷണത്തിലും സാധിച്ചിട്ടില്ല. സത്യം എന്നായാലും പുറത്തുവരും- ഉമ്മൻ ചാണ്ടി വ്യക്തമാക്കി.