കിളിമാനൂർ: കഴിഞ്ഞ അഞ്ചുവർഷം കേരളത്തിൽ നടപ്പിലാക്കിയ വൻ വികസനപദ്ധതികളുടെ തുടർച്ചയ്ക്കാണ് വോട്ട് ചോദിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കിളിമാനൂർ ബ്ലോക്ക്പരിധിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരിക്കലും നടക്കില്ലെന്ന് വിധിയെഴുതിയ പദ്ധതികളെല്ലാം എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കി മാതൃക കാട്ടി. ഗെയിൽപദ്ധതിയടക്കം ഉദാഹരണമാണ്. കൊവിഡ് കാലത്ത് സാധാരണക്കാർക്ക് സഹായമെത്തിക്കാൻ മുന്നിൽ നിന്ന് നയിച്ചുവെന്നതും വികസന മുന്നേറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കിളിമാനൂർ ബ്ലോക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും സി.പി.എം ജില്ലാകമ്മിറ്റിയംഗവുമായ മടവൂർ അനിൽ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി. മുരളി, ജില്ലാപഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥികളായ എസ്. സുനിൽകുമാർ, ടി. ബേബിസുധ, പ്രിയദർശിനി തുടങ്ങിയവർ സംസാരിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.