തിരുവനന്തപുരം: ടാങ്ക് സ്ഥാപിക്കാൻ സ്ഥലമില്ലാത്തവർക്കും സാമ്പത്തികശേഷി ഇല്ലാത്തവർക്കും കുടിവെള്ളം നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ. ടാങ്ക് ഉള്ളവർക്ക് ജല ദൗർലഭ്യം അനുഭവപ്പെടാറില്ലെന്ന ജല അതോറിറ്റിയുടെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. രാത്രികാലങ്ങളിൽ മൂന്നു മണിക്കൂർ സമയം കുടിവെള്ളം വിതരണം ചെയ്യുമ്പോൾ ടാങ്കിൽ ശേഖരിക്കണമെന്ന ജല അതോറിറ്റിയുടെ വാദം നീതീകരിക്കാൻ കഴിയുന്നതല്ലെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ശാസ്തമംഗലം മംഗലം ലെയിനിൽ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജി. ജയകുമാർ സമർപ്പിച്ച പരാതിക്കുള്ള മറുപടിയിലാണ് ജലഅതോറിറ്റി ടാങ്കിന്റെ കാര്യം പറഞ്ഞത്. നഗരത്തിൽ ജലക്ഷാമം പരിഹരിക്കാൻ 75 എം.എൽ.ഡി ശേഷിയുള്ള ശുദ്ധീകരണ ശാലയുടെ നിർമ്മാണം അരുവിക്കരയിൽ നടന്നു വരികയാണെന്നും പ്രവർത്തനക്ഷമമായാൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുമെന്നും ജല അതോറിറ്റി അറിയിച്ചു. മംഗലം ലെയ്നിൽ കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ എക്സികൂട്ടീവ് എൻജിനിയർക്ക് (നോർത്ത്) ഉത്തരവ് നൽകി.