മുക്കം: കുമാരനെല്ലൂരിലും പരിസരത്തും വീടുകളിൽ മോഷണം നടത്തിയ കുമാരനെല്ലൂർ വടക്കേകുന്നത് കണാരൻ എന്ന ഹരീഷ് ബാബു (20) വിനെ മുക്കം പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ഇരുപതിന് രാത്രി കുമാരനെല്ലൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷണം പോയിരുന്നു. സമീപത്തെ മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. രണ്ട് വീടുകളുടെയും പിന്നിലെ വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയത്. പൊലീസ് ഒരാഴ്ച നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. മോഷ്ടിച്ച സ്വർണാഭരണം തെളിവെടുപ്പിനിടെ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. മുക്കം ഇൻസ്പെക്ടർ എസ്.നിസാം , പ്രിൻസിപ്പൽ എസ്.ഐ കെഷാജിദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.