വിതുര: മദ്യലഹരിയിൽ സുഹൃത്തിനെ തലയ്‌ക്കടിച്ചുകൊന്ന് വീട്ടിൽ കുഴിച്ചിട്ട കേസിലെ പ്രതി വിതുര പട്ടൻകുളിച്ചപാറ വേമ്പുരയിൽ വീട്ടിൽ എ. താജുദ്ദീനെ (62) റിമാൻഡ് ചെയ്‌തു. മീനാങ്കൽ തണ്ണിക്കുളം കുന്നിൻപുറത്ത് വീട്ടിൽ മാധവനെയാണ് (50) ബുധനാഴ്ച രാത്രിയിൽ ഇയാൾ കൊലപ്പെടുത്തിയത്. തർക്കത്തിനിടെ റബർ കമ്പ് കൊണ്ട് മാധവന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. മൃതദേഹം ചാക്കിൽ കെട്ടി പുറത്തുകൊണ്ടുപോയി കളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുമെന്ന് ഭയന്ന് തിരികെ വീട്ടിലെത്തിച്ചു. മൃതദേഹം അഴുകി ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് കട്ടിലിനടിയിൽ കുഴിച്ചിട്ടത്. ഇന്നലെ വിതുര സി.ഐ എസ്. ശ്രീജിത്, എസ്.ഐ എസ്.എൽ. സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ താജുദ്ദീനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മദ്യം വിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നും മുമ്പും വഴക്കും അടിപിടിയും നടന്നിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.