rajeev

വിതുര: ഓരോ തിരഞ്ഞെടുപ്പും വിതുര രതുൽ സ്റ്റുഡിയോ ഉടമ എൻ.പി. രാജീവിന് തിരക്കിന്റെ നാളുകളാണ്. വിവിധ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് ബോ‌ർഡുകളിലും പോസ്റ്ററുകളിലും സ്ഥാപിക്കാനുള്ള ഫോട്ടോ എല്ലാത്തവണയും എടുത്ത് നൽകുന്നത് രാജീവാണ്. എന്നാൽ ഇക്കുറി തിരക്ക് വീണ്ടും വർദ്ധിച്ചു. കോൺഗ്രസ് സീറ്റിൽ ഗണപതിയാംകോട് വാർഡിൽ മത്സരിക്കുന്നതാണ് ഇതിന് കാരണം. സ്ഥാനാർത്ഥിയാണെങ്കിലും സ്റ്റുഡിയോയ്ക്ക് അവധിയില്ല. പ്രചാരണച്ചൂടിനിടയിൽ ആരു വിളിച്ചാലും രാജീവ് ഓടിയെത്തി ഫോട്ടോ എടുത്തു നൽകും. വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ മത്സരിക്കുന്ന നൂറിൽപ്പരം സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ ഇതിനകം രാജീവ് തയ്യാറാക്കി നൽകിക്കഴിഞ്ഞു. ഇതിനിടെയാണ് വീടുകൾ തോറും കയറിയിറങ്ങിയുള്ള വോട്ടഭ്യർത്ഥന. കഴിഞ്ഞ രണ്ട് തവണയും കൈവിട്ട ഗണപതിയാംകോട് വാർഡ് തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് നേതൃത്വം രാജീവിനെ രംഗത്തിറക്കിയിരിക്കുന്നത്. നിലവിലെ പഞ്ചായത്തംഗം ബി.ജെ.പിയിലെ കെ. തങ്കമണിയും മുൻ പഞ്ചായത്തംഗവും വിതുര ദീപ്തികോളേജ് പ്രിൻസിപ്പലുമായ കെ.വിജയകുമാറുമാണ് എതിരാളികൾ