ഇടതുമാറി വലതമർന്ന് ആനാട്
നെടുമങ്ങാട്: കിള്ളിയാർ ഉറവ പൊട്ടുന്ന തീർത്ഥങ്കരയിൽ തുടങ്ങുന്നതാണ് ആനാട് പഞ്ചായത്തിലെ 19 വാർഡുകൾ. സ്ഥിരമായി ഒരു കൊടിയുടെനിറം പേറുന്ന ശീലമില്ല. ഗ്രാമപഞ്ചായത്തിലെ ഭരണവും അങ്ങനെ തന്നെ. സ്വാതന്ത്ര്യ സമരത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും ഒരേപോലെ സംഭാവന നൽകിയ പ്രദേശമെന്ന ഖ്യാതിയുണ്ട്. 1940കളിൽ ഇവിടം ഒളിത്താവളമാക്കിയിരുന്ന പി. കേശവൻ നായരുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയും ഷൊർണക്കോട് നാരായണപിള്ളയുടെയും ഗോപാലൻ സാറിന്റെയും നേതൃത്വത്തിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളും ആരംഭിച്ചു. പട്ടം താണുപിള്ളയും പൊന്നറ ശ്രീധറും അടക്കമുള്ള ആദ്യകാല നേതാക്കൾ ഇവിടം സന്ദർശിച്ചിട്ടുണ്ട്.
1952ലാണ് പഞ്ചായത്ത് രൂപീകരിച്ചത്. എൻ.കുഞ്ഞുകൃഷ്ണൻ നായർ ആദ്യ പ്രസിഡന്റായി. പ്രസിഡന്റിനെ ഭരണപക്ഷം അവിശ്വാസത്തിലൂടെ പുറത്താക്കി പകരം പ്രതിപക്ഷാംഗത്തെ പദവിയിൽ എത്തിച്ച രാഷ്ട്രീയ നാടകങ്ങൾക്കും ഇവിടെ കളമൊരുങ്ങിയിട്ടുണ്ട്.
മത്സരം കടുക്കും
പ്രാദേശിക ഘടക കക്ഷികളെയും സമുദായ സംഘടനകളെയും ഒപ്പം കൂട്ടിയാണ് ഇത്തവണ മുന്നണികൾ ഏറ്റുമുട്ടുന്നത്. മുസ്ലിം ലീഗിന്റെ ഒരംഗം ഉൾപ്പടെ 10 സീറ്റിന്റെ മേൽക്കൈ യു.ഡി.എഫിന് നിലവിലുണ്ട്. എൽ.ഡി.എഫിന് 7 ഉം ബി.ജെ.പിക്ക് 2 ഉം അംഗങ്ങളുണ്ട്. സിറ്റിംഗ് പ്രസിഡന്റ് ആനാട് സുരേഷിന്റെ നേതൃത്വത്തിലാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അദ്ധ്യക്ഷ പദം ഇക്കുറി വനിതാ സംവരണമാണ്. സി.പി.എം സ്ഥാനാർത്ഥികളായി ഇര്യനാട് വാർഡിൽ മത്സരിക്കുന്ന ശ്രീകല ടൗൺ വാർഡിൽ മത്സരിക്കുന്ന ശൈലജ, കോൺഗ്രസിൽ നിന്ന് പുത്തൻപാലം വാർഡിൽ മത്സരിക്കുന്ന ആർ.ജെ. മഞ്ജു. മന്നൂർക്കോണത്തെ സ്ഥാനാർത്ഥി ഷീല എന്നിവരാണ് പ്രസിഡന്റ് സ്ഥാനാർത്ഥികളായി കണക്കുകൂട്ടുന്നത്.
കരകുളത്ത് കാറ്റു മാറി വീശുമോ ?
നെടുമങ്ങാട്: നാലുപതിറ്റാണ്ടായി ഇടതിനു മാത്രം അധികാരക്കസേര സമ്മാനിച്ച കരകുളം പഞ്ചായത്തിൽ ഇത്തവണ മാറ്റമുണ്ടാകുമോ എന്ന ചർച്ചയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. 1956ൽ സംസ്ഥാന രൂപീകരണത്തിന് ശേഷം 1996 വരെയുള്ള 40 വർഷക്കാലയളവിൽ ഇവിടെ തിരഞ്ഞെടുപ്പ് നടന്നത് നാലു തവണ മാത്രം. കേവലം 5 വർഷത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതി 8 മുതൽ 16 വർഷം വരെ അധികാരത്തിൽ തുടർന്ന ചരിത്രമുണ്ട് കരകുളത്തിന്.
കുഞ്ഞൻപിള്ളയുടെ നേതൃത്വത്തിലുള്ള ആദ്യപഞ്ചായത്തു സമിതി 10 വർഷമാണ് ഭരണത്തിൽ തുടർന്നത്. 1963ൽ രണ്ടാമത്തെ തിരഞ്ഞെടുപ്പായപ്പോഴേക്കും വാർഡുകളുടെ എണ്ണം ഏഴിൽ നിന്നും പത്തിലേക്കുയർന്നു. എന്നാൽ, ഭരണസമിതി അംഗങ്ങളുടെ എണ്ണം പതിനൊന്നായിരുന്നു. വനിതാ പ്രതിനിധിയെ നോമിനേറ്റ് ചെയ്യുകയാണുണ്ടായത്. ചെല്ലമ്മ പ്രസാദ് ആണ് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിതാ മെമ്പർ. അഡ്വ. മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ പ്രസിഡന്റായുള്ള ഭരണസമിതി 16 വർഷം ഭരണത്തിലിരുന്നു. 60, 000 ജനസംഖ്യയുള്ള പഞ്ചായത്തിൽ ഇത്തവണ 47,495 വോട്ടർമാരാണുള്ളത്. ഇതിൽ 24,968 പേരും വനിതാ വോട്ടർമാരാണ്. നിലവിൽ 23 വാർഡുകളുണ്ട്. കഴിഞ്ഞ തവണ എൽ.ഡി.എഫ് 15 സ്ഥലങ്ങളിൽ വിജയിച്ചു. യു.ഡി.എഫ് അഞ്ചും ബി.ജെ.പി മൂന്നും സീറ്റുകൾ നേടി. പ്രസിഡന്റായിരുന്ന എം.എസ്. അനിലക്ക് സീറ്റ് നിഷേധിച്ചത് സജീവ ചർച്ചയാണ്.
മത്സരം ഇങ്ങനെ
എൽ.ഡി.എഫിൽ 17 ഇടത്ത് സി.പി.എമ്മും ആറിടത്ത് സി.പി.ഐയും ജനവിധി തേടുന്നു. യു.ഡി.എഫിൽ ആർ.എസ്.പിക്ക് ഒരു സീറ്റ് നൽകി, മറ്റിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ബി.ജെ.പിക്ക് 22 സീറ്റിലാണ് സ്ഥാനാർത്ഥികളുള്ളത്. കരയാളത്തുകോണത്ത് മത്സരിക്കുന്ന സിറ്റിംഗ് മെമ്പർ ലേഖാ റാണിയും കാച്ചാണിയിൽ മത്സരിക്കുന്ന മുൻ ജില്ലാപഞ്ചായത്തംഗം ഉഷാറാണിയുമാണ് സി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥികൾ. യു.ഡി.എഫ് ഭൂരിപക്ഷം നേടിയാൽ അയണിക്കാട് വാർഡിലെ എ.ശശികലയോ ചെക്കക്കോണത്തെ ഹേമലതകുമാരിയോ പ്രസിഡന്റാകും.