കൂത്തുപറമ്പ്: പൂക്കോടിനടുത്ത ഏഴാംമൈലിൽ ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ചതായി പരാതി. ഏഴാംമൈലിലെ വാഴയിൽ പറമ്പത്തു ഹൗസിൽ കെ. അക്ഷയ് (26), എരിഞ്ഞിത്തല ഹൗസിൽ പി. അതുൽ, കിനാത്തി ഹൗസിൽ കെ. ജിതേഷ് എന്നിവരെയാണ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി അക്ഷയ് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒരു സംഘം തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തുന്നതിനിടയിലാണ് അതുൽ, ജിതേഷ് എന്നിവർക്ക് നേരെയും അക്രമമുണ്ടായത്. അക്ഷയയും അതുലും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. അക്ഷയ്‌യുടെ ബൈക്കും അക്രമിസംഘം അടിച്ചു തകർത്തു. കതിരൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കതിരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമത്തിൽ പരിക്കുപറ്റിയ പി. അതുൽ കോട്ടയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ബി.ജെ.പി സ്ഥാനാർഥി പി.രജിത കുമാരിയുടെ മകനാണ്.