തിരുവനന്തപുരം:ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ പേരുകളും ചിഹ്നവും ക്രമീകരിക്കുന്ന കാൻഡിഡേറ്റ് സെറ്റിംഗ് ഡിസംബർ നാലിന് നടക്കും. വരണാധികാരികളുടെ ഓഫീസുകളിൽ സ്ഥാനാർത്ഥികളുടെയും പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് നടക്കുന്നത്. ഇതിനായി വോട്ടിംഗ് മെഷീനുകൾ നാളെയും മറ്റന്നാളുമായി അതത് റിട്ടേണിംഗ് ഓഫീസർമാർക്കു വിതരണം ചെയ്യും.
ത്രിതല പഞ്ചായത്തുകളിൽ ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമ പഞ്ചായത്തിൽ വെള്ളയും ബ്ലോക്ക് പഞ്ചായത്തിൽ പിങ്കും ജില്ലാ പഞ്ചായത്തിൽ ഇളം നീലയും നിറത്തിലുള്ള ബാലറ്റ് ലേബലുകൾ പതിക്കും. മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15-ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമത് ഒരു ബാലറ്റ് യൂണിറ്റ് കൂടി ഉപയോഗിക്കും. കാൻഡിഡേറ്റ് സെറ്റിംഗിനു ശേഷം കുറച്ചു മെഷീനുകളിൽ മോക് പോൾ ചെയ്യും. ഇതിന്റെ ഫലം സ്ഥാനാർത്ഥികളെ കാണിച്ചു പ്രാഥമിക പരിശോധന പൂർത്തിയാക്കി പിങ്ക് പേപ്പർ സീൽ ചുറ്റും. കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വരണാധികാരികളുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ട്രോംഗ് റൂമുകളിലേക്കു മാറ്റും. ഇവിടെ നിന്നാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്നത്.ഏഴിന് ജില്ലയിൽ ഇ.വി.എമ്മുകളുടെയും പോളിംഗ് സാമഗ്രികളുടെയും വിതരണം നടത്തും.