തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ നിന്ന് ഇളവുകളിലേക്ക് മാറിയ സംസ്ഥാനത്ത് നവംബർ മാസം കടന്നുപോകുമ്പോഴും രോഗവ്യാപനത്തിൽ ആശങ്ക ഒഴിയുന്നില്ല. പ്രതിവാര ശരാശരി രോഗികൾ കഴിഞ്ഞ മൂന്നാഴ്ചയായി അയ്യായിരത്തിനു മുകളിലാണ്. തിരഞ്ഞെടുപ്പ് കാലത്തിലൂടെ സംസ്ഥാനം കടന്നുപോകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടിയില്ലെങ്കിൽ രോഗവ്യാപനം കുത്തന ഉയരാമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പോയവാരം രോഗവ്യാപനത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തായിരുന്നു കേരളം. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മുന്നിലെത്തിയത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഒക്ടോബർ ആദ്യവാരമായിരുന്നു പ്രതിവാര ശരാശരി രോഗികൾ ഏറ്റവും ഉയർന്നനിരക്കിലെത്തിയത്. തുടർന്ന് കുറയാൻ തുടങ്ങി. എന്നാൽ, കഴിഞ്ഞ മൂന്നാഴ്ചയായി രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായില്ല. കഴിഞ്ഞവാരം (നവംബർ 21- 28) ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കേരളം രണ്ടാം സ്ഥാനത്തായിരുന്നു. 9.9ശതമാനമാണ് ശരാശരി നിരക്ക്. ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാനിൽ 10.6 ശതമാനമാണ്. പ്രതിവാര ആകെ രോഗികളുടെ എണ്ണത്തിൽ മൂന്നാംസ്ഥാനത്തുമെത്തി. നവംബർ 21 മുതൽ 28 വരെ സംസ്ഥാനത്ത് 36536 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള മഹാരാഷ്ട്രയിൽ 40060, ഡൽഹിയിൽ 38265 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
പ്രതിവാര ശരാശരി രോഗികൾ
ഒക്ടോബർ 3-10 - 8360
ഒക്ടോബർ 10-17 - 7768
ഒക്ടോബർ 17-24 -7397
ഒക്ടോബർ 24- 31- 6728
നവംബർ 1-7 - 6795
നവംബർ 7-14 - 5678
നവംബർ 14-21 - 5286
നവംബർ 21-28 -5219
'ഒക്ടോബർ ആദ്യവാരത്തെ ഉയർച്ചയ്ക്കു ശേഷം തുടർച്ചയായി ഉണ്ടായ കുറവ് അതേ നിലയിൽ കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് കാലമായതിനാൽ കൂടുതൽ ജാഗ്രതവേണം.'
ഡോ.പദ്മനാഭ ഷേണായി
റുമറ്റോളജിസ്റ്റ്, കൊച്ചി