pwc

 ഐ.ടി വിഭാഗത്തിലെ വിലക്ക് സ്വപ്നയുടെ നിയമനം പരാമർശിക്കാതെ

 സ്‌പെയ്സ് പാർക്ക്, കെ-ഫോൺ പദ്ധതികളിൽ നിന്ന് പുറത്താകും

തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പി.ഡബ്ളിയു.സി) - അന്താരാഷ്ട്ര കൺസൾട്ടൻസി സ്ഥാപനത്തിന് രണ്ടു വർഷത്തെ സർക്കാർ വിലക്ക്. നേരത്തെ ഇ- മൊബിലിറ്റി പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ്, സ്വപ്നയുടെ നിയമന വിവാദം പരാമർശിക്കാതെ കേരള സർക്കാർ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വിഭാഗത്തിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ്.

യോഗ്യതയില്ലാത്തയാളെ നിയമിച്ചു, കരാർ വ്യവസ്ഥയിൽ ഗുരുതര വീഴ്ച വരുത്തി എന്നിവ ചൂണ്ടിക്കാട്ടിയുള്ള വിലക്കോടെ

കെ- ഫോൺ, സ്പെയ്സ് പാർക്ക് പദ്ധതികളിൽ നിന്ന് കൂപ്പേഴ്സ് പുറത്താകും.

മൂന്ന് ഐ.ടി പദ്ധതികളിൽ നിന്ന് ഒഴിവാക്കുന്നതായാണ് നവംബർ 27ന് ഇറങ്ങിയ ഉത്തരവിൽ പറയുന്നത്. ഇതിൽ കെ-ഫോണുമായി ബന്ധപ്പെട്ട് കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് കരാർ ഇന്നലെ അവസാനിച്ചു. ഇത് പുതുക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിലക്ക് വന്ന വഴി

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണെന്ന ആക്ഷേപത്തിനിടയാക്കിയത് പി.ഡബ്ളിയു.സി അവരെ സ്പെയ്സ് പാർക്കിൽ ഒാപറേഷൻസ് മാനേജരായി നിയമിച്ചതാണ്. സ്വപ്നയെ കസ്റ്റംസ് അറസ്റ്റ് ചെയ്ത ജൂലായിൽത്തന്നെ സർക്കാർ ഇതു സംബന്ധിച്ച നടപടികൾ ആരംഭിച്ചു. സ്വപ്ന അറസ്റ്റിലായതിനു പിന്നാലെ, ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പി.ഡബ്ളിയു.സിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സ്വപ്നയെ എങ്ങനെയാണ് നിയമിച്ചതെന്നും, യോഗ്യത പരിശോധിച്ചത് എങ്ങനെയെന്നും കാണിച്ച് പി.ഡബ്ല്യു.സി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ,കരാർ വ്യവസ്ഥകൾ ലംഘിച്ചതായി കാണിച്ച് ലീഗൽ നോട്ടീസും നൽകി. സ്വപ്നയുടെ നിയമനം വിഷൻ ടെക്‌നോളജി വഴിയായിരുന്നെന്നും അവരുടെ പശ്ചാത്തലം പരിശോധിച്ചത് വിഷൻ ടെക്‌നോളജിയാണെന്നുമായിരുന്നു കൂപ്പേഴ്സിന്റെ വിശദീകരണം.

പ്രൈസ് വാട്ടർ

ഹൗസ് കൂപ്പേഴ്സ്

ലോകത്തെ രണ്ടാമത്തെ വലിയ കൺസൾട്ടിംഗ് സ്ഥാപനം. ആസ്ഥാനം ലണ്ടൻ. 157 രാജ്യങ്ങളിൽ 742 ഒാഫീസുകളിലായി 2.76 ലക്ഷം ജീവനക്കാർ. വാർഷിക വരുമാനം 31.37 ലക്ഷം കോടി.

ഇന്ത്യയിലെ

വിവാദങ്ങൾ

ആയിരക്കണക്കിന് നിക്ഷേപകർ വഞ്ചിക്കപ്പെട്ട സത്യം ഒാഹരി കുംഭകോണം, വിജയ് മല്ല്യയുമായി ബന്ധപ്പെട്ട യു.ബി ഗ്രൂപ്പ് സാമ്പത്തിക തിരിമറി, ഇന്ത്യൻ വിദേശ നിക്ഷേപക നയരേഖകൾ ചോർത്തിയതുമായി ബന്ധപ്പെട്ട കേസ്, നോക്കിയ നികുതി വെട്ടിപ്പ് തുടങ്ങി ഒൻപതോളം കേസുകൾ പ്രൈസ് വാട്ടർ കൂപ്പേഴ്സിനെതിരെ ഇന്ത്യയിലുണ്ട്. ഇതിന്മേൽ 2019 ൽ സെബി രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ കൂപ്പേഴ്സ്

പദ്ധതികൾ:

*കൊച്ചി - പാലക്കാട് വ്യവസായ ഇടനാഴി

*ഇ.മൊബിലിറ്റി പദ്ധതി

*സ്പെയ്സ് പാർക്ക്

*ട്രാൻസ്ഗ്രിഡ്

*കെ-ഫോൺ പദ്ധതി തയ്യാറാക്കൽ

*കെ-ഫോൺ പദ്ധതി നടപ്പാക്കൽ, പങ്കാളിത്തം

*കേരള ഐ.ടി. ഇൻഫ്രാസ്രക്ചറൽ ലിമിറ്റഡ് പങ്കാളിത്തം