പൂവാർ : 'പപ്പ എപ്പോ വരുമെന്ന ' രണ്ടര വയസുകാരി ലിഥിയയുടെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ വിഷമിക്കുകയാണ് ബഥനി തോപ്പ് വീട്ടിലുള്ളവർ.
ഇന്നലെ രാവിലെ എറണാകുളം പാലാരിവട്ടത്തുവച്ച് ബസ് അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ നെയ്യാറ്റിൻകര തിരുപുറം ബഥനി തോപ്പിൽ അരുൺ സുകുമാരന്റെ ( 38, റെജി ) മകളാണ് ലിഥിയ. നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സ് ബസ് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി 9.30ഓടെ ഭാര്യ ലീനയോടും മകൾ ലിഥിയയോടും ഒരു വയസ് മാത്രം പ്രായമുള്ള മകൻ ലിയോണിനോടും യാത്ര പറഞ്ഞാണ് അരുൺ ജോലിക്ക് പോയത്. മകന്റെ വിയോഗം ഇതുവരെയും അമ്മ ലീലയ്‌ക്കും അച്ഛൻ സുകുമാരനും ഉൾക്കൊള്ളാനായിട്ടില്ല. ഭാര്യ ലീനയുടെ അലമുറയിട്ട കരച്ചിൽ തിരുപുറം ബഥനി തോപ്പിനെ സങ്കട കടലാക്കി. 10 വർഷം മുമ്പാണ് അരുണിന് കെ.എസ്.ആർ.ടി.സിയിൽ ജോലി ലഭിച്ചത്. ആദ്യം താത്കാലിക ജീവനക്കാരനായിരുന്നെങ്കിലും രണ്ടുവർഷം കഴിഞ്ഞപ്പോൾ പി.എസ്.സി വഴി നിയമനം ലഭിക്കുകയായിരുന്നു. പൂവാർ ഡിപ്പോയിലാണ് ആദ്യ നിയമനം. ഇഷ്ടപ്പെട്ട ജോലി സ്ഥലം തമ്പാനൂർ ആയതിനാൽ അങ്ങോട്ടേക്ക് മാറുകയായിരുന്നെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. 4 വർഷം മുമ്പാണ് ചെങ്കൽ സ്വദേശിനി ലീനയെ വിവാഹം കഴിച്ചത്. നാട്ടിലെ എല്ലാക്കാര്യങ്ങളും മുന്നിലുള്ള അരുണിന്റെ വേർപാട് സൃഹുത്തക്കളെയും ദുഃഖത്തിലാഴ്‌ത്തി. മണ്ണക്കൽ ആർ.സി ചർച്ചിൽ അരുണിന്റെ അന്ത്യകർമ്മങ്ങൾ നടന്നു.