തിരുവനന്തപുരം : ബി.ജെ.പി ജില്ലാ പ്രസിഡന്റും പൂജപ്പുര വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ വി.വി.രാജേഷിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ അയോഗ്യനാക്കാൻ കഴിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു. ഒരാൾക്ക് ഒന്നിൽ കൂടുതൽ സ്ഥലത്ത് വോട്ടവകാശം ഉണ്ടെങ്കിലും ഒന്നിൽ കൂടുതൽ സ്ഥലത്ത് വോട്ടവകാശം വിനിയോഗിച്ചാലേ ക്രിമിനൽ നടപടി സ്വീകരിക്കാനാകൂ. അതേസമയം വീടുമാറിയപ്പോൾ വോട്ടർപട്ടികയിൽ പേര് ഒഴിവാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നെന്ന രാജേഷിന്റെ വാദം ഉൾപ്പെടെ വരും ദിവസങ്ങളിൽ പരിശോധിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിക്ക് റോസാപ്പൂവ് ചിഹ്നം അനുവദിച്ചത് പിൻവലിക്കില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.