പാറശാല: മുര്യങ്കര ചിറക്കുളത്തിന് സമീപം മിഥുൻ എന്നയാളുടെ വീട്ടിലെ ഉപകരണങ്ങളും ബൈക്കുകളും അടിച്ചുതകർത്തശേഷം കവർച്ച നടത്തിയ കേസിൽ മൂന്നുപേർ കൂടി പിടിയിലായി. സംഭവത്തിലെ രണ്ട് പ്രതികളെയും ഇവർക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ മറ്റൊരാളുമാണ് അറസ്റ്റിലായത്. കേസിലെ ഏഴാം പ്രതി കൊല്ലയിൽ ധനുവച്ചപുരം പി.ആർ.ഡി.എസ് ചർച്ചിന് സമീപം ഷഹാന മൻസിലിൽ അബു എന്ന റംഷദ് (20), എട്ടാം പ്രതി പാറശാല കൊടവിളാകം ചിറക്കുളത്തിന് സമീപം വലിയവിള വീട്ടിൽ പക്രു എന്ന സുബിൻ (20), ഒളിവാൽ കഴിയാൻ സഹായം ചെയ്‌ത മുര്യങ്കര പാലക്കുഴി പെന്തക്കോസ്ത്ത് പള്ളിക്ക് സമീപം പാലക്കുഴി വീട്ടിൽ അജിത്ത് (19) എന്നിവരാണ് പിടിയിലായത്. റംഷദ്, സുബിൻ എന്നിവർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരിൽനിന്ന് ആക്രമിക്കാൻ ഉപയോഗിച്ച വാൾ, അരിവാൾ എന്നിവയും രക്ഷപ്പെടാൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പൊലീസ് കണ്ടെടുത്തു. പ്രതികൾ സ്ഥിരമായി ചിറക്കുളത്തിന് സമീപത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് പൊലീസിൽ അറിയിച്ചത് മിഥുനാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയത്. പാറശാല എസ്.ഐ ശ്രീലാൽ ചന്ദ്രശേഖർ, ഗ്രേഡ് എസ്.ഐ ഷിബു, സി.പി.ഒമാരായ ദീപു,വിലാസനൻ, രവി, ജോജിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.