തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ വിലകൂടിയ മരുന്നുകൾ മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി വാങ്ങി മെഡിക്കൽ കോളേജുകൾക്ക് ഉൾപ്പെടെ നൽകാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. എല്ലാ സമയത്തും ആശുപത്രികളിൽ മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതുവരെ ആശുപത്രികൾ സ്വന്തം നിലയ്ക്കാണ് വിലയുള്ള മരുന്നുകൾ വാങ്ങിയിരുന്നത്. ആന്റി വൈറൽ മരുന്നുകളായ ടോസിലിസുമാബ് ഇൻജക്ഷൻ, റംഡിസിവിർ ഇൻജക്ഷൻ, ഗുളികകൾ എന്നിവയാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി വാങ്ങുന്നത്. ഇതിനായി കൊവിഡ് ആശുപത്രികളിൽ നിന്ന് ആവശ്യമായ മരുന്നുകളുടെ കണക്ക് ശേഖരിച്ചു തുടങ്ങി.
അത്യാസന്ന നിലയിലാകുന്ന കൊവിഡ് രോഗികളുടെ ജീവൻ നിലനിറുത്താനാവശ്യമായ ടോസിലിസുമാബ് ഉൾപ്പെടെ 25,000 രൂപയ്ക്ക് മുകളിൽ വിലയുള്ള മരുന്നുകൾ ഇതുവരെ ആശുപത്രികൾ സ്വന്തം നിലയ്ക്കാണ് വാങ്ങിയിരുന്നത്. എച്ച്.ഡി.എസ് ഫണ്ടിൽ നിന്നുൾപ്പെടെ പണം കണ്ടെത്തിയാണ് ആശുപത്രികൾ മരുന്ന് വാങ്ങിയത്. ഈ നില തുടർന്നാൽ ആശുപത്രികൾക്ക് സാമ്പത്തികഭാരം കൂടും. മരുന്നുകൾ പലതും ആശുപത്രികളിൽ സ്റ്റോക്കില്ലാത്ത സ്ഥിതിവന്നതോടെയാണ് മെഡിക്കൽ സർവീസ് കോർപറേഷൻ വഴി മരുന്നുവാങ്ങി വിതരണം ചെയ്യാൻ തീരുമാനിച്ചത്. ടെൻഡർ നടപടികളില്ലാതെ കാരുണ്യ ഫാർമസികൾ വഴി ഈ മരുന്നുകൾ വാങ്ങാനാണ് തീരുമാനം.