തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം 9ന് തുടങ്ങും.18നാണ് ആറാട്ട്.ഒക്ടോബർ 15ന് ആരംഭിച്ച് 24 ന് ആറാട്ടോടെ അവസാനിക്കേണ്ടതായിരുന്നു.പെരിയനമ്പിക്കും പഞ്ചഗവ്യത്ത് നമ്പിക്കും മറ്ര് 12 ജീവനക്കാർക്കും കൊവി‌ഡ് ബാധിച്ചതിനെ തുടർന്നാണ് ഉത്സവം മാറ്രിയത്. ഇതിന് മുമ്പുളള പൈങ്കുനി ഉത്സവവും മാറ്രിവച്ചതായിരുന്നു. മാർച്ച് -ഏപ്രിൽ മാസത്തിൽ നടത്തേണ്ട ഉത്സവം സെപ്തംബറിലാണ് നടത്തിയത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടൊപ്പം വടുവൊത്ത് വിഷ്ണുക്ഷേത്രം, ചെറിയ ഉദേശ്വരം ക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, തിരവല്ലം പരശുരാമ ക്ഷേത്രം എന്നിവിടങ്ങളിലും ഇതോടൊപ്പം ഉത്സവം നടത്തും. അതേസമയം ശംഖുംമുഖത്ത് ആറാട്ട് നടക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. കൊവിഡ് സാഹചര്യമായതിനാൽ കഴി‌ഞ്ഞ തവണ ശംഖുംമുഖത്തിന് പകരം പദ്മതീർത്ഥത്തിലാണ് ആറാട്ട് നടന്നത്. പള്ളിവേട്ട പതിവ് പോലെ സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ തന്നെ നടത്താനാണ് സാദ്ധ്യത. പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ തവണ പടിഞ്ഞാറെ നടയിലാണ് പള്ളിവേട്ട നടത്തിയത്. ഉത്സവത്തോടനുബന്ധിച്ച് കലശാഭിഷേകങ്ങളും ഉത്സവ ശ്രീബലികളും ഭക്തന്മാർക്ക് വഴിപാടായി നടത്താൻ ക്ഷേത്രത്തിന്റെ നാല് നടകളിലുള്ള കമ്പ്യൂട്ടർ കൗണ്ടറുകൾ വഴി ബുക്ക് ചെയ്യാം. ബന്ധപ്പെട്ടപ്പെടേണ്ട ഫോൺ. 0471 2466830,0471 2450233.