മീനങ്ങാടി: വ്യാപാരിയുടെ വീടിന്റെ മതിലിൽ വധഭീഷണി എഴുതിവെച്ചതിനു പുറമെ സമ്മാനപ്പൊതി രൂപത്തിൽ 'ബോംബും"!. ചെണ്ണാളി വാരപ്പെട്ടി ഷാജിയുടെ വീടിന്റെ മുന്നിലാണ്‌ പൈപ്പ് ബോംബിന്റെ മാതൃകയിലുള്ള വസ്തു കണ്ടെത്തിയത്. കർഷകൻ കൂടിയായ ഷാജിയുടെ വീടിന്റെ മതിലിനു സമീപത്തായി ഇന്നലെ രാവിലെയാണ് സമ്മാനപ്പൊതി കണ്ടത്. പി.വി.സി പൈപ്പിനുള്ളിൽ ബാറ്ററിയും എൽ ഇ ഡി ബൾബും ഘടിപ്പിച്ച നിലയിലായിരുന്നു. 'നിന്നെ കൊലപ്പെടുത്തും" എന്ന് മതിലിൽ എഴുതിവെച്ചിട്ടുമുണ്ട്. മീനങ്ങാടി പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും കോഴിക്കോട് നിന്നു വിദഗ്ദ്ധ സംഘം എത്തി പരിശോധിച്ച ശേഷം തുടർനടപടി ആരംഭിക്കുമെന്നും മീനങ്ങാടി സി.ഐ അബ്ദുൾ ഷെരീഫ് പറഞ്ഞു.