മാനന്തവാടി: അതിർത്തിപ്രദേശങ്ങളായ തോൽപ്പെട്ടി, ബാവലി ചെക്ക് പോസ്റ്റുകളിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കൊവിഡ് ഫെസിലിറ്റേഷൻ സെന്റർ നോക്കുകുത്തിയായി മാറിയെന്ന് തിരുനെല്ലി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.

ഇവിടങ്ങളിൽ ഒരു മാസമായി കൊവിഡ് പരിശോധന നടക്കുന്നില്ല. യാത്രക്കാരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കാത്തത് ജനങ്ങളെ ആശങ്കയിലാഴ്‌ത്തുകയാണ്. തിരുനെല്ലി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത രോഗികളിൽ ഏറെയും കർണാടക ബന്ധമുള്ളവരാണ്. ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന പൊലീസുകാർക്കും രോഗം ബാധിച്ചിരുന്നു. എത്രയും വേഗം ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

മണ്ഡലം പ്രസിഡന്റ് വിനോദ് അത്തിപാളി അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഷംസീർ അരണപ്പാറ, ഉദൈഫ തോൽപെട്ടി, സഞ്ജയ് കൃഷ്ണ, ടി.എ.റഹീഷ്, പി.ജി.റിജേഷ്, സലീം തോൽപ്പെട്ടി, യുസുഫ് കാവുങ്ങൽ എന്നിവർ സംസാരിച്ചു.